സൗദിയിൽ പൊതുമുതൽ സംരക്ഷണത്തിന് പുതിയ സ്മാർട്ട് നിരീക്ഷണ സംവിധാനം പ്രാബല്യത്തിൽ
സൗദി അറേബ്യയിൽ പൊതുമുതൽ വിനിയോഗത്തിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായുള്ള പുതിയ സാമ്പത്തിക നിരീക്ഷണ സംവിധാനം പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ഡിസംബറിൽ മന്ത്രിസഭ അംഗീകരിച്ച പുതിയ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ സൗദി ധനകാര്യ മന്ത്രാലയം ഇന്ന് ഔദ്യോഗികമായി പുറത്തിറക്കി. പൊതു ബജറ്റിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്ന എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സർക്കാർ സഹായം ലഭിക്കുന്ന മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഈ പുതിയ നിയമം ബാധകമായിരിക്കും.
നിലവിലുണ്ടായിരുന്ന 'ഫിനാൻഷ്യൽ റെപ്രസെന്റേറ്റീവ്' സംവിധാനത്തിന് പകരമായാണ് കൂടുതൽ കരുത്തുറ്റ ഈ പുതിയ രീതി കൊണ്ടുവരുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ കൺട്രോൾ, സെൽഫ് കൺട്രോൾ, ഡയറക്ട് കൺട്രോൾ തുടങ്ങിയ വിവിധ രീതികൾ സമന്വയിപ്പിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. ആഗോളതലത്തിലെ മികച്ച സാമ്പത്തിക നിയന്ത്രണ മാതൃകകൾ പിന്തുടരുന്നതിലൂടെ സർക്കാർ ചെലവുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും അഴിമതി തടയാനും സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സാമ്പത്തിക വിഭവങ്ങൾ കൂടുതൽ കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ സ്മാർട്ട് നിരീക്ഷണത്തിലൂടെ സാധിക്കും. ഈ പരിഷ്കാരം സർക്കാർ ഇടപാടുകൾ വേഗത്തിലാക്കാനും സ്വകാര്യ മേഖലയിലെ നടപടിക്രമങ്ങൾ ലഘൂകരിക്കാനും സഹായിക്കും. വിദേശ നിക്ഷേപകർക്കും ബിസിനസ് മേഖലയ്ക്കും കൂടുതൽ ആത്മവിശ്വാസം നൽകുന്ന സുതാര്യമായ ഒരു സാമ്പത്തിക അന്തരീക്ഷം ഒരുക്കുക എന്നതും ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യമാണ്.
