സൗദിയിൽ കുടിവെള്ളം ദുരുപയോഗിച്ചാൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ
സൗദിയിൽ കുടിവെള്ളം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. ശുദ്ധീകരിച്ച മലിനജലം, ലൈസൻസുള്ള കിണർ തുടങ്ങിയ പകരം ജലസ്രോതസ്സുകൾ ലഭ്യമായിരിക്കെ കുടിവെള്ളം ദുരുപയോഗം ചെയ്താൽ ആദ്യ തവണ 25,000 റിയാലും ആവർത്തിച്ചാൽ രണ്ട് ലക്ഷം റിയാലുമാണ് പിഴ.
കാര്യക്ഷമതയില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് 1,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ഈടാക്കും. ചില ലംഘനങ്ങൾ തിരുത്താൻ മുന്നറിയിപ്പ് ലഭിച്ച് 14 ദിവസത്തെ സമയവും അനുവദിക്കും.
ജലസംരക്ഷണം ഉറപ്പാക്കാൻ നാഷണൽ സെന്റർ ഫോർ വാട്ടർ എഫിഷ്യൻസി ആൻഡ് കൺസർവേഷന് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ നടപടി. ലംഘനങ്ങൾ നിരീക്ഷിക്കാനും നിയമനടപടി സ്വീകരിക്കാനും കേന്ദ്രത്തിന് അധികാരമുണ്ടാകും. പുതിയ ചട്ടങ്ങൾ 2027 മാർച്ച് 21 മുതൽ പ്രാബല്യത്തിൽ വരും.
