സൗദിയിൽ വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചാൽ ഒരുകോടി റിയാൽ വരെ പിഴയും തടവും; മുന്നറിയിപ്പുമായി മന്ത്രാലയം
വളർത്തുമൃഗങ്ങളോടും കന്നുകാലികളോടും ക്രൂരത കാണിക്കുന്നവർക്കെതിരെ കടുത്ത നടപടികളുമായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. മൃഗങ്ങളെ ഉപദ്രവിക്കുകയോ പരിപാലനത്തിൽ അനാസ്ഥ കാണിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരുകോടി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ കാലിസമ്പത്ത് സംരക്ഷിക്കുന്നതിന്റെയും മൃഗക്ഷേമം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നിയമം കർശനമാക്കുന്നത്. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് തടവും പിഴയും ഒരുമിച്ച് അനുഭവിക്കേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. മൃഗങ്ങളോട് കാരുണ്യം കാണിക്കുന്നത് കേവലം മതപരവും ധാർമ്മികവുമായ കടമ മാത്രമല്ല, കന്നുകാലികളുടെ ഉൽപാദനക്ഷമത നിലനിർത്താനും ഇത് ആവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വേനൽക്കാലം കടുക്കുന്ന പശ്ചാത്തലത്തിൽ മൃഗങ്ങൾക്ക് ആവശ്യത്തിന് തണലും പാർപ്പിടവും ശുദ്ധജലവും പോഷകാഹാരവും ഉറപ്പാക്കണം. വെയിൽ കടുപ്പമുള്ള സമയങ്ങളിൽ മൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളിൽ വിടരുത്. വാക്‌സിനേഷൻ കൃത്യമായി നൽകാനും ദിനേന ഇവയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനും കർഷകരോടും വളർത്തുമൃഗ ഉടമകളോടും മന്ത്രാലയം നിർദേശിച്ചു.
