സ്വകാര്യ ചൈൽഡ് കെയർ കേന്ദ്രങ്ങൾക്ക് കർശന വ്യവസ്ഥകളുമായി സൗദി അറേബ്യ; മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ലൈസൻസ് ലഭിക്കും
രാജ്യത്തെ സ്വകാര്യ ചൈൽഡ് കെയർ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിനായി സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കി. മാനവ വിഭവശേഷി മന്ത്രാലയമാണ് തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രധാന ഭേദഗതികൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിയമമനുസരിച്ച് എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്ന അപേക്ഷകർക്ക് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ലൈസൻസ് അനുവദിക്കും. എന്നാൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുന്നറിയിപ്പ് നൽകുന്നത് മുതൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കാനും ലൈസൻസ് റദ്ദാക്കാനും വരെ കർശന നടപടികൾ ഉണ്ടാകും.
കുട്ടികളുടെ സുരക്ഷ, സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ, ഉപകരണങ്ങൾ, ഉൾക്കൊള്ളാവുന്ന കുട്ടികളുടെ എണ്ണം, ജീവനക്കാരുടെ യോഗ്യത എന്നിവയിലെല്ലാം പുതിയ നിബന്ധനകൾ ബാധകമാണ്. ഓരോ പ്രായപരിധിയിലുള്ള കുട്ടികൾക്കും അനുസൃതമായി കൃത്യമായ അനുപാതത്തിൽ പരിചാരകരെ നിയമിക്കണമെന്നും നിയമം അനുശാസിക്കുന്നു. കുട്ടികളുടെ സംരക്ഷണം, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ, പരാതി പരിഹാരം, രക്ഷിതാക്കളുമായുള്ള ആശയവിനിമയം, പോഷകാഹാരം, ഫീസ്-റീഫണ്ട് വ്യവസ്ഥകൾ എന്നിവയിൽ കേന്ദ്രങ്ങൾ വ്യക്തമായ നയം രൂപീകരിക്കണം.
കുട്ടികളുടെ ദൈനംദിന വിവരങ്ങൾ എല്ലാ ദിവസവും രക്ഷിതാക്കൾക്ക് കൈമാറുകയും, ഓരോ മാസവും കുട്ടികൾ നേടിയ കഴിവുകൾ വിലയിരുത്തി റിപ്പോർട്ട് നൽകുകയും വേണം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങളും സഹായ ഉപകരണങ്ങളും പരിശീലനം ലഭിച്ച ജീവനക്കാരെയും കേന്ദ്രങ്ങളിൽ ഉറപ്പാക്കണം. നിയമലംഘനങ്ങൾ പരിഹരിക്കാൻ നിശ്ചിത സമയപരിധി നൽകുമെന്നും, കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷവും മികച്ച വളർച്ചയും ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി.
