സൗദിയിൽ സംഭാവന സമാഹരണ മാധ്യമപ്രചാരണങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ
സൗദി അറേബ്യയിലെ സന്നദ്ധ സംഘടനകളുടെ ധനസമാഹരണ മാധ്യമ പ്രചാരണങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി നാഷനൽ സെൻറർ ഫോർ നോൺ-പ്രോഫിറ്റ് സെക്ടർ ഡെവലപ്‌മെൻറ് രംഗത്തെത്തി. സംഭാവന നൽകുന്നവരുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിൽ അമിതമായ സഹതാപം ജനിപ്പിക്കുന്നതോ യാചിക്കുന്നതിന് സമാനമായതോ ആയ പരസ്യ ശൈലികൾ ഇനി മുതൽ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് പുതിയ നിർദ്ദേശം.
മാധ്യമ രംഗത്ത് സന്തുലിതവും മാന്യവുമായ ശൈലി രൂപപ്പെടുത്തി സന്നദ്ധ മേഖലയുടെ പക്വതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ദാരിദ്ര്യവും നിസ്സഹായാവസ്ഥയും മാത്രം കാണിച്ച് സന്നദ്ധ പ്രവർത്തനങ്ങളെ ചുരുക്കിക്കാണിക്കുന്ന രീതി പാടില്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പകരം, സന്നദ്ധ പദ്ധതികളിലൂടെ സമൂഹത്തിലുണ്ടാകുന്ന വികസന മുന്നേറ്റങ്ങളെയും ഗുണഭോക്താക്കൾ സ്വയംപര്യാപ്തത കൈവരിക്കുന്നതിനെയുമാകണം പരസ്യങ്ങളിൽ മുൻനിർത്തേണ്ടത്.
പുതിയ നിയമപ്രകാരം ഗുണഭോക്താക്കളുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അവരുടെ ഔദ്യോഗിക അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. സഹായം സ്വീകരിക്കുന്നവരുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതോ അവരുടെ നിസഹായാവസ്ഥയെ വ്രണപ്പെടുത്തുന്നതോ ആയ പദപ്രയോഗങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. വസ്തുതകൾ യാതൊരുവിധ അതിഭാവുകത്വവുമില്ലാതെ കൃത്യതയോടും സുതാര്യതയോടും കൂടി വേണം അവതരിപ്പിക്കാൻ.
ഇതിനുപുറമേ, സംഭാവനകളുടെ വിനിയോഗത്തെക്കുറിച്ച് പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതിനും, സംഭാവന നൽകാൻ ആളുകളുടെമേൽ അനാവശ്യ മാനസിക സമ്മർദ്ദങ്ങൾ ചെലുത്തുന്നതിനും വിലക്കുണ്ട്. രാജ്യത്തെ സന്നദ്ധ പ്രവർത്തനങ്ങളെ കൂടുതൽ പക്വവും പ്രൊഫഷണലുമായ തലത്തിലേക്ക് നയിക്കാൻ പുതിയ നിയന്ത്രണങ്ങൾ സഹായിക്കുമെന്ന് സെൻറർ വ്യക്തമാക്കി.
