ഡെലിവറി സേവനങ്ങൾക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ അവതരിപ്പിച്ച് സൗദി അറേബ്യ; ചെലവ് 85 ശതമാനം കുറയും
സൗദി അറേബ്യയിൽ ഡെലിവറി സേവനങ്ങൾക്കായി സെൽഫ് ഡ്രൈവിങ് റോബോട്ടുകളെ ഉപയോഗിച്ചുള്ള 'ലാസ്റ്റ് മൈൽ' ഡെലിവറി പദ്ധതിക്ക് റിയാദിൽ തുടക്കമായി. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഡെലിവറി ചെലവ് 85 ശതമാനം വരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി റിയാദിലെ അൽ ഫലാഹ് മേഖലയിലാണ് ഡ്രൈവറില്ലാ വാഹനങ്ങൾ സർവീസ് ആരംഭിച്ചിരിക്കുന്നത്.
360-ഡിഗ്രി സെൻസർ കവറേജും 'ലെവൽ 4' ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന ഈ വാഹനങ്ങളെ വിദൂരത്തിരുന്ന് തത്സമയം നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിക്കാനും സാധിക്കും. പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളായതിനാൽ ഇവ പരിസ്ഥിതി സൗഹൃദവും ശബ്ദമലിനീകരണം ഇല്ലാത്തവയുമാണ്. ട്രാൻസ്പോർട്ട് ഹാക്കത്തോണിൽ നിന്ന് ഉയർന്നുവന്ന ആശയമാണ് ഈ പൈലറ്റ് പദ്ധതിയിലൂടെ പ്രായോഗികമാക്കിയിരിക്കുന്നത്.
