കുതിരകളെ ബാധിക്കുന്ന മാരക രോഗത്തിൽ നിന്നും സൗദി അറേബ്യ പൂർണമുക്തം; ഔദ്യോഗിക പ്രഖ്യാപനവുമായി ലോക മൃഗാരോഗ്യ സംഘടന
കുതിരകളെ ബാധിക്കുന്ന മാരകമായ ‘ഇക്വിൻ വൈറൽ ആർട്ടറൈറ്റിസ്’ (Equine Viral Arteritis) രോഗത്തിൽ നിന്നും സൗദി അറേബ്യ പൂർണ്ണമുക്തമാണെന്ന് ലോക മൃഗാരോഗ്യ സംഘടന (WOAH) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിലും കുതിര വളർത്തൽ വ്യവസായത്തിലും രാജ്യത്തിന്റെ അന്താരാഷ്ട്ര പദവി ഉയർത്തുന്ന ചരിത്രപരമായ നേട്ടമാണിത്.
സൗദി അറേബ്യയിലെ പകർച്ചവ്യാധി പ്രതിരോധ ദേശീയ കേന്ദ്രമായ ‘വഖാഅ്’ ആണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം പുറത്തുവിട്ടത്. ലോക സംഘടന നിഷ്കർഷിച്ചിട്ടുള്ള എല്ലാ സാങ്കേതിക ആവശ്യകതകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും രാജ്യം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. ‘വഖാഅ്’ കേന്ദ്രം തയ്യാറാക്കിയ വിശദമായ സാങ്കേതിക ഫയൽ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ലോക മൃഗാരോഗ്യ സംഘടന ഈ തീരുമാനത്തിലേക്ക് എത്തിയത്. രോഗവ്യാപനം തടയാൻ സൗദി നടപ്പിലാക്കിയ കർശനമായ നിയന്ത്രണങ്ങൾ, മികച്ച നിരീക്ഷണ സംവിധാനങ്ങൾ, എപ്പിഡെമിയോളജിക്കൽ അന്വേഷണ പ്രോഗ്രാമുകൾ എന്നിവ ഇതിന് സഹായകരമായി.
മൃഗാരോഗ്യ പരിപാലനം ശക്തമാക്കാൻ രാജ്യം നടത്തുന്ന ദേശീയ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് സൗദിയിലെ കുതിര വളർത്തൽ മേഖലയ്ക്ക് കരുത്തുപകരുകയും, വരാനിരിക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലും കുതിരപ്പന്തയങ്ങളിലും രാജ്യത്തിന്റെ പങ്കാളിത്തത്തിന് വലിയ പിന്തുണയാവുകയും ചെയ്യും. മൃഗരോഗ പ്രതിരോധ-നിയന്ത്രണ രംഗങ്ങളിൽ സൗദി അറേബ്യ സ്വീകരിക്കുന്ന വെറ്ററിനറി നടപടികളുടെ അന്താരാഷ്ട്ര വിശ്വാസ്യത വർദ്ധിപ്പിക്കാൻ ഈ പ്രഖ്യാപനം കാരണമാകുമെന്നും ‘വഖാഅ്’ കേന്ദ്രം കൂട്ടിച്ചേർത്തു.
