വിമാനയാത്രയിൽ കൈവശം വെക്കാവുന്ന സ്വർണ്ണത്തിന്റെയും പണത്തിന്റെയും പരിധി 40,000 റിയാലാക്കി സൗദി അറേബ്യ; ലംഘിച്ചാൽ കടുത്ത പിഴ

  1. Home
  2. International

വിമാനയാത്രയിൽ കൈവശം വെക്കാവുന്ന സ്വർണ്ണത്തിന്റെയും പണത്തിന്റെയും പരിധി 40,000 റിയാലാക്കി സൗദി അറേബ്യ; ലംഘിച്ചാൽ കടുത്ത പിഴ

gold


സൗദി അറേബ്യയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്രകളിൽ കൈവശം വെക്കാവുന്ന പണം, സ്വർണ്ണം, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്ക് സൗദി ഭരണകൂടം പുതിയ നിയന്ത്രണം ഏർപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമത്തിന്റെ ഭാഗമായാണ് എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് യാത്രക്കാർക്ക് കൈവശം വെക്കാവുന്ന സ്വർണ്ണത്തിന്റെയും പണത്തിന്റെയും പരിധി 60,000 സൗദി റിയാലിൽ നിന്നും 40,000 റിയാലായി കുറച്ചു.

40,000 സൗദി റിയാലോ അതിന് മുകളിലോ മൂല്യമുള്ള പണമോ ആഭരണങ്ങളോ കൈവശം വെക്കുന്ന യാത്രക്കാർ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതർക്ക് മുൻപാകെ ഇത് വെളിപ്പെടുത്തുകയും രേഖാമൂലം ഡിക്ലറേഷൻ സമർപ്പിക്കുകയും വേണം. വെളിപ്പെടുത്തുന്ന വസ്തുക്കളുടെ മൂല്യം തെളിയിക്കുന്നതിനായി അവ വാങ്ങിയതിന്റെ രസീതുകളോ ഇൻവോയിസുകളോ കസ്റ്റംസിൽ ഹാജരാക്കേണ്ടതുണ്ട്. യാത്രക്കാരുടെ പക്കലുള്ള വസ്തുക്കൾ വാണിജ്യപരമായ ആവശ്യത്തിനുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ ഏകീകൃത കസ്റ്റംസ് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സംശയാസ്പദമായതോ വെളിപ്പെടുത്താത്തതോ ആയ പണമോ ലോഹങ്ങളോ 72 മണിക്കൂർ വരെ തടഞ്ഞുവെക്കാനും, ഇവ കണ്ടുകെട്ടാനും പിഴ ചുമത്താനും സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിക്ക് പുതിയ നിയമം പൂർണ്ണ അധികാരം നൽകുന്നുണ്ട്. തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ആദ്യ തവണ കുറ്റം ചെയ്യുന്നവരിൽ നിന്ന് പിടിച്ചെടുക്കുന്ന വസ്തുക്കളുടെ മൂല്യത്തിന്റെ 10% മുതൽ 25% വരെയും, കുറ്റം ആവർത്തിക്കുന്നവരിൽ നിന്ന് 50% വരെയും പിഴയായി ഈടാക്കും. ഗുരുതരമായ കേസുകളിൽ ക്രിമിനൽ അന്വേഷണത്തിനും ശുപാർശ ചെയ്യും. രാജ്യത്തെ സാമ്പത്തിക സുതാര്യത ഉറപ്പാക്കാനും സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാനുമാണ് പുതിയ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.