പോർച്ചുഗലുമായി വിസ ഇളവ് കരാർ ഒപ്പിട്ട് സൗദി അറേബ്യ
പോർച്ചുഗലുമായി വിസ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കരാറിൽ സൗദി അറേബ്യ ഒപ്പുവെച്ചു. പോർച്ചുഗീസ് വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറിന് ധാരണയായത്. ഇരു രാജ്യങ്ങളിലെയും നയതന്ത്ര, പ്രത്യേക പാസ്‌പോർട്ടുകൾ (Diplomatic and Special Passports) കൈവശമുള്ളവർക്ക് മാത്രമായിരിക്കും ഈ വിസ ഇളവിന്റെ ആനുകൂല്യം ലഭിക്കുക.
സൗദിയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുക, ഔദ്യോഗിക യാത്രാനടപടികൾ എളുപ്പമാക്കുക, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പരസ്പര സഹകരണവും ഏകോപനവും വിപുലമാക്കുക എന്നിവയാണ് ഈ പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്.
പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമെ, പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളും ഇറാൻ-യു.എസ് വെടിനിർത്തൽ കരാറും ഇരു നേതാക്കളും അവലോകനം ചെയ്തു. ഫലസ്തീനെ സ്വതന്ത്ര രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ച പോർച്ചുഗലിന്റെ നടപടിയെയും, ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സമാധാനപരമായ ശ്രമങ്ങൾക്ക് രാജ്യം നൽകുന്ന പിന്തുണയെയും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പ്രത്യേകം പ്രശംസിച്ചു.
