നിയമലംഘനവും സേവനത്തിലെ വീഴ്ചയും: സൗദിയിൽ 21 ഉംറ കമ്പനികൾക്കെതിരെ നടപടി, പ്രവർത്തനം നിർത്തിവെപ്പിച്ചു

  1. Home
  2. International

നിയമലംഘനവും സേവനത്തിലെ വീഴ്ചയും: സൗദിയിൽ 21 ഉംറ കമ്പനികൾക്കെതിരെ നടപടി, പ്രവർത്തനം നിർത്തിവെപ്പിച്ചു

umrah


തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ വീഴ്ച വരുത്തുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്ത 21 ഉംറ സർവീസ് കമ്പനികളുടെ പ്രവർത്തനം സൗദി ഹജ്ജ്-ഉംറ മന്ത്രാലയം താൽക്കാലികമായി നിർത്തിവെപ്പിച്ചു. കഴിഞ്ഞ ഉംറ സീസണിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. പുതിയ ഉംറ സീസൺ ആരംഭിക്കാനിരിക്കെ, തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പുവരുത്തുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

അംഗീകൃത പ്രകടന സൂചികകൾ പ്രകാരം മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയാതിരുന്ന 15 കമ്പനികൾക്കെതിരെയും, തീർഥാടകരുടെ സേവനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലംഘിച്ച മറ്റ് ആറ്​ കമ്പനികൾക്കെതിരെയുമാണ് മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുള്ളത്. സേവനങ്ങളുടെ ഗുണനിലവാരവും കമ്പനികൾ വ്യവസ്ഥകൾ എത്രത്തോളം പാലിക്കുന്നു എന്നും കൃത്യമായി നിരീക്ഷിക്കുന്ന പ്രത്യേക മൂല്യനിർണയ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.

മക്കയിലെത്തുന്ന ഉംറ തീർഥാടകർക്കും മദീനയിലെത്തുന്ന സന്ദർശകർക്കും സുരക്ഷിതവും സവിശേഷവുമായ അനുഭവം ഉറപ്പാക്കുക വഴി സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. തീർഥാടകരുടെ അവകാശങ്ങളിലോ സേവനങ്ങളിലോ ഉണ്ടാകുന്ന യാതൊരുവിധ വീഴ്ചകളും വെച്ചുപൊറുപ്പിക്കില്ലെന്നും, ഉംറ മേഖലയുടെ സമഗ്രമായ പുരോഗതിക്കായി കമ്പനികളെ കൃത്യമായ ഇടവേളകളിൽ വിലയിരുത്തുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.