ഫ്‌ളൈ ദുബായ് സംഭവത്തിൽ സൗദി അന്വേഷണം നടത്തും; ശേഷം പൈലറ്റിനെ യുഎഇയ്ക്ക് കൈമാറും
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ നാടകീയ സംഭവങ്ങളിൽ രണ്ടുഘട്ടമായി അന്വേഷണം നടക്കും. സൗദി അറേബ്യയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ യു.എ.ഇയ്ക്ക് കൈമാറുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു. യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത വിമാനമായതിനാൽ പൈലറ്റിനെ കൈമാറിയ ശേഷം യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ നിർദേശപ്രകാരം പ്രത്യേക പബ്ലിക് പ്രോസിക്യൂഷൻ സംഘം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.
ബുധനാഴ്ച പറന്നുയർന്ന ഫ്ലൈ ദുബായ് എഫ്.ഇ.സെഡ് 1073 (FZ 1073) വിമാനത്തിൽ ഒമാനി സ്വദേശിയായ പൈലറ്റ്, സഹപൈലറ്റായ ഇന്ത്യൻ വംശജൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയുമായിരുന്നു. പരിക്കേറ്റിട്ടും സ്മിത് മച്ചാർ ഈ ശ്രമം തടഞ്ഞു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയും യാത്രക്കാരായിരുന്ന രണ്ട് പൈലറ്റുമാർ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമോ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയോ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും.
