അന്താരാഷ്ട്ര കപ്പലുകൾക്ക് സഹായമൊരുക്കാൻ സൗദി; മാനുഷികവും സാങ്കേതികവുമായ സേവനങ്ങൾ ലഭ്യമാക്കും

  1. Home
  2. International

അന്താരാഷ്ട്ര കപ്പലുകൾക്ക് സഹായമൊരുക്കാൻ സൗദി; മാനുഷികവും സാങ്കേതികവുമായ സേവനങ്ങൾ ലഭ്യമാക്കും

saudi


സൗദി അറേബ്യയുടെ തീരപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകൾക്ക് കൈത്താങ്ങായി സൗദി പോർട്ട് അതോറിറ്റി (മവാനി). ഗൾഫ് മേഖലയിലൂടെയുള്ള സമുദ്രയാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി അടിയന്തര മാനുഷിക, ആരോഗ്യ സഹായങ്ങളും സാങ്കേതിക (Technical) സേവനങ്ങളുമാണ് മവാനി വാഗ്ദാനം ചെയ്യുന്നത്. കിഴക്കൻ പ്രവിശ്യയിലെ പ്രധാന തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സേവനങ്ങൾ ഏകോപിപ്പിക്കുക.

അന്താരാഷ്ട്ര കപ്പലുകൾക്ക് ആവശ്യമായ പിന്തുണ വേഗത്തിലും കാര്യക്ഷമമായും എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കപ്പലുകളിലേക്ക് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങൾ, കുടിവെള്ളം, അവശ്യ മരുന്നുകൾ എന്നിവയ്ക്ക് പുറമെ സ്പെയർ പാർട്സുകൾ, സുരക്ഷാ ഉപകരണങ്ങൾ, പെയിന്റുകൾ, കെമിക്കലുകൾ, കേബിളുകൾ തുടങ്ങിയവയും ലഭ്യമാക്കും. 14-ലധികം സേവന മേഖലകളിലായി 50-ലധികം പ്രമുഖ കമ്പനികളാണ് ഈ പദ്ധതിയുടെ ഭാഗമായി സൗദി പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്.

ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ കപ്പൽ ഗതാഗതം സുരക്ഷിതവും സുഗമവുമാക്കാൻ സൗദിയുടെ ഈ നീക്കം വലിയ സഹായമാകും. കിഴക്കൻ സൗദിയിലെ തുറമുഖ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര ചരക്കുനീക്കം തടസ്സമില്ലാതെ തുടരാൻ ഇത് വഴിയൊരുക്കും.