സമയകൃത്യതയിൽ വീണ്ടും ലോകകിരീടം ചൂടി സൗദിയ

  1. Home
  2. International

സമയകൃത്യതയിൽ വീണ്ടും ലോകകിരീടം ചൂടി സൗദിയ

saudia


ആഗോള വ്യോമയാന രംഗത്തെ പ്രവർത്തന മികവിൽ ചരിത്ര നേട്ടവുമായി സൗദിയ എയർലൈൻസ്. വിമാനങ്ങൾ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ ജൂലൈ മാസത്തിലും ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇതോടെ തുടർച്ചയായ മൂന്നാം മാസത്തിലും സമയകൃത്യതയിൽ ഒന്നാമതെത്തി ഹാട്രിക് തികച്ചിരിക്കുകയാണ് സൗദിയ. ആഗോള ഏവിയേഷൻ അനലിറ്റിക്സ് ഏജൻസിയായ 'സിറിയം' (Cirium) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ നേട്ടം.

ജൂലൈ മാസത്തിൽ മാത്രം 16,400-ലധികം സർവീസുകൾ നടത്തിയ സൗദിയ 87.24% സമയകൃത്യത കൈവരിച്ചു. ഹജ്ജ് സീസൺ, വേനലവധിക്കാല തിരക്ക്, പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കെയാണ് സൗദിയ ഈ മികച്ച നേട്ടം സ്വന്തമാക്കിയത്. നിർമ്മിതബുദ്ധി (AI) അധിഷ്ഠിത സാങ്കേതികവിദ്യകളും ഡിജിറ്റൽ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് സർവീസുകൾ കൃത്യമായി ഏകോപിപ്പിച്ചത്.

യാത്രക്കാർക്ക് ഉയർന്ന സേവനം ഉറപ്പാക്കുന്നതിനുള്ള പ്രയത്നത്തിന്റെ ഭാഗമാണ് ഈ വിജയമെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ എഞ്ചി. ഇബ്രാഹിം അൽ ഉമർ പറഞ്ഞു. സൗദി നാഷണൽ ഏവിയേഷൻ സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ നേട്ടം നിർണായക പങ്കുവഹിക്കും.