സൗദിയിൽ ഉച്ചസമയ ജോലി നിരോധനം അവസാനിച്ചു
കനത്ത വേനൽച്ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനായി സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന ഉച്ചസമയ പുറംജോലി വിലക്ക് സെപ്റ്റംബർ 15 ചൊവ്വാഴ്ചയോടെ അവസാനിച്ചു. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തുടനീളം നടപ്പിലാക്കി വന്ന നിയന്ത്രണങ്ങളാണ് ഇതോടെ പിൻവലിച്ചത്.
മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും നാഷണൽ കൗൺസിൽ ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തും (NCOSH) സംയുക്തമായി ജൂൺ 15 മുതലാണ് ഉച്ചസമയ തൊഴിൽ വിലക്ക് നടപ്പാക്കിയത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനായിരുന്നു നിയന്ത്രണം. നിർമാണം, ശുചീകരണം, റോഡ് അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിലെ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് നിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
മൂന്ന് മാസത്തെ നിരോധന കാലയളവിൽ രാജ്യത്തുടനീളം 29,945 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. ഇതിൽ 95 ശതമാനം സ്ഥാപനങ്ങളും നിയമം കൃത്യമായി പാലിച്ചതായി അധികൃതർ വ്യക്തമാക്കി. നിയമലംഘനവുമായി ബന്ധപ്പെട്ട് 1,771 കേസുകൾ രേഖപ്പെടുത്തുകയും 41 പരാതികളിൽ നടപടി സ്വീകരിക്കുകയും ചെയ്തു. തൊഴിൽസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനങ്ങൾ പുലർത്തുന്ന ജാഗ്രത പ്രശംസനീയമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
