ആഗോള ഭക്ഷ്യസുരക്ഷക്കായി സൗദിയുടെ കൈത്താങ്ങ്; 340 കോടി ഡോളറിന്റെ സഹായം നൽകി

  1. Home
  2. International

ആഗോള ഭക്ഷ്യസുരക്ഷക്കായി സൗദിയുടെ കൈത്താങ്ങ്; 340 കോടി ഡോളറിന്റെ സഹായം നൽകി

ks relief


ലോകമെമ്പാടുമുള്ള ഭക്ഷ്യസുരക്ഷാ പദ്ധതികൾക്കായി സൗദി അറേബ്യ 340 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയതായി കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഈ കണക്കുകൾ വെളിപ്പെടുത്തിയത്.

ആഗോളതലത്തിൽ പട്ടിണി വർധിക്കാൻ പ്രധാന കാരണം യുദ്ധങ്ങളും സംഘർഷങ്ങളുമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, താൽക്കാലിക ആശ്വാസ നടപടികൾക്ക് പകരം ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്തു.

കിങ് സൽമാൻ റിലീഫ് സെന്റർ വഴി ഇതുവരെ 88 രാജ്യങ്ങളിലായി 1,289 ഭക്ഷ്യസുരക്ഷാ പദ്ധതികളാണ് സൗദി പൂർത്തിയാക്കിയത്. അടിയന്തര മാനുഷിക സഹായങ്ങൾക്ക് പുറമെ പ്രാദേശിക ഭക്ഷ്യോത്പാദനം മെച്ചപ്പെടുത്തൽ, ഗ്രാമീണ മേഖലകളുടെ വികസനം തുടങ്ങിയ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഗസ്സ മുനമ്പിലെ സെൻട്രൽ കിച്ചൻ പദ്ധതി, സിറിയയിലെ തകർന്ന ബേക്കറികളുടെ പുനരുദ്ധാരണം എന്നിവ സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ചിലതാണ്.