യെമനിൽ ഹൂതി താവളങ്ങൾക്ക് നേരെ സൗദി സഖ്യസേനയുടെ കനത്ത പ്രഹരം; 60 സൈനിക കേന്ദ്രങ്ങൾ തകർത്തു
റിയാദിന് നേരെയുണ്ടായ ഡ്രോൺ ആക്രമണ ശ്രമത്തിന് പിന്നാലെ യെമനിലെ ഹൂതി വിമതർക്കെതിരെ തിരിച്ചടി കടുപ്പിച്ച് സൗദി സഖ്യസേന. സൻആ, ഹൊദൈദ, അംറാൻ, സഅദ എന്നീ നാല് പ്രവിശ്യകളിലായി നടത്തിയ പ്രത്യേക സൈനിക നീക്കത്തിൽ ഹൂതികളുടെ 60 താവളങ്ങൾ പൂർണ്ണമായും തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കി.
മലനിരകൾക്കുള്ളിൽ തുരങ്കങ്ങളുണ്ടാക്കി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ സംഭരണശാലകളും, ഡ്രോൺ നിർമ്മാണ-സംഭരണ കേന്ദ്രങ്ങളുമാണ് പ്രധാനമായും തകർക്കപ്പെട്ടത്. ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണ ശേഷി ഇല്ലാതാക്കുന്നതിനൊപ്പം, കടൽ മാർഗ്ഗമുള്ള സുരക്ഷാ ഭീഷണികൾ പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യെമൻ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഈ ഓപ്പറേഷൻ.
കഴിഞ്ഞ ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സഖ്യസേന ആകാശത്തുവെച്ചുതന്നെ തകർത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിമതരുടെ സൈനിക കരുത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടുള്ള ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
