പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ആക്രമണമുണ്ടായെന്ന വാർത്ത വ്യാജം: സൗദി പ്രതിരോധ മന്ത്രാലയം
അൽ ഖർജ് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ആക്രമണമുണ്ടായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് പുലർച്ചെ പ്രദേശത്ത് സുരക്ഷാ സൈറണുകൾ മുഴങ്ങിയത് മുൻകരുതൽ നടപടിയുടെ ഭാഗമായി മാത്രമായിരുന്നെന്ന് മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
യമനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ അതിർത്തിക്ക് സമീപം അപ്രത്യക്ഷമായതിനെ തുടർന്നാണ് മുൻകരുതലെന്നോണം സൈറണുകൾ പ്രവർത്തിപ്പിച്ചത്. എന്നാൽ സാങ്കേതിക തകരാറുകൾ മൂലം വഴിമാറിപ്പോയ മിസൈൽ മറ്റൊരു പ്രാദേശിക രാജ്യത്തെ ലക്ഷ്യമാക്കിയാണ് വന്നതെന്നും, ഇത് അതിർത്തിക്കടുത്തുള്ള വിജനമായ പ്രദേശത്താണ് പതിച്ചതെന്നും സാങ്കേതിക അവലോകനത്തിൽ വ്യക്തമായിട്ടുണ്ട്. വ്യോമതാവളത്തിന് യാതൊരുവിധ സുരക്ഷാഭീഷണിയുമില്ലെന്ന് അധികൃതർ ഉറപ്പുനൽകി.
ഇന്ന് രാവിലെ 5.30-ഓടെ ഗവർണറേറ്റിലെ അടിയന്തര സാഹചര്യങ്ങൾ ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങൾക്കായുള്ള നാഷണൽ പ്ലാറ്റ്‌ഫോം വഴി പ്രദേശവാസികൾക്ക് നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
