തീർഥാടകർക്കായി സമഗ്ര സുരക്ഷാ ഹാൻഡ്‌ബുക്ക് പുറത്തിറക്കി സൗദി ആഭ്യന്തര മന്ത്രാലയം

  1. Home
  2. International

തീർഥാടകർക്കായി സമഗ്ര സുരക്ഷാ ഹാൻഡ്‌ബുക്ക് പുറത്തിറക്കി സൗദി ആഭ്യന്തര മന്ത്രാലയം

hajj


ഹജ്ജ് തീർഥാടനം അതീവ സുരക്ഷിതവും സുഗമവുമായി പൂർത്തിയാക്കുന്നതിനായി തീർഥാടകർക്കായുള്ള പ്രത്യേക മാർഗനിർദേശ ഹാന്റ്ബുക്ക് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മസ്ജിദുൽ ഹറാമിലെ തിരക്കേറിയ സമയങ്ങൾ, തീർഥാടകരെ കൊണ്ടുപോകുന്ന യാത്രാ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ എന്നിവയെല്ലാം വിശദീകരിക്കുന്നതാണ് ഈ പുതിയ ഗൈഡ്.

തീർഥാടകർക്ക് മസ്ജിദുൽ ഹറാമിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാനുള്ള സുരക്ഷിത വഴികൾ, ത്വാവാഫ്, സഅ്‌യ് എന്നിവയ്ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള നടപ്പാതകൾ എന്നിവയെക്കുറിച്ച് ഡയറക്ടറിയിൽ കൃത്യമായി വിവരിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന സമയക്രമങ്ങൾ തീർഥാടകർ കൃത്യമായി പാലിക്കണം. ജംറകളിലെ കല്ലേറ് കർമ്മം ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഘട്ടങ്ങളിലും കൂട്ടംകൂടിയുള്ള തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഇല്ലാതെ എത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഹാൻഡ്‌ബുക്കിൽ ആവർത്തിക്കുന്നുണ്ട്. മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ അനുമതിപത്രം കയ്യിലുണ്ടെന്ന് ഓരോ തീർഥാടകനും ഉറപ്പുവരുത്തണം. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പുണ്യസ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഇത് കാണിക്കേണ്ടതാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി മുകൾ നിലകളിലെ ത്വാവാഫ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഇവിടേക്ക് പോകുന്നതിനായി എസ്‌കലേറ്ററുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ പരസ്പരം തള്ളുകയോ, നിശ്ചയിച്ച ദിശയ്ക്ക് വിപരീതമായി നടക്കുകയോ ചെയ്യരുത്. ഫീൽഡിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.