ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നേരിട്ടെത്തി അനുശോചനമറിയിച്ച് സൗദി വിദേശകാര്യ സഹമന്ത്രി
അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ സൗദി ഭരണകൂടത്തിന്റെ ഔദ്യോഗിക അനുശോചനം അറിയിച്ച് സൗദി വിദേശകാര്യ സഹമന്ത്രി വലീദ് അൽ ഖുറൈജി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന പ്രത്യേക അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവേയാണ് അദ്ദേഹം സൗദി അറേബ്യയുടെ സന്ദേശം കൈമാറിയത്.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ അഗാധമായ അനുശോചനം ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനെ വലീദ് അൽ ഖുറൈജി നേരിട്ട് അറിയിച്ചു. ടെഹ്റാനിൽ നടന്ന ഔദ്യോഗിക ചടങ്ങുകളിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് പങ്കെടുത്തത്.
ആയത്തുള്ള അലി ഖമനേയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ ദേവാലയത്തിലാണ് സംസ്‌കാര ചടങ്ങുകൾ സമാപിക്കുക. ഇന്ന് ആരംഭിക്കുന്ന വിടവാങ്ങൽ ചടങ്ങുകൾ ജൂലൈ ആറിനാണ് പൂർത്തിയാകുക. ആറു ദിവസം നീണ്ടുനിൽക്കുന്ന ബൃഹത്തായ സംസ്‌കാര ചടങ്ങുകളിൽ നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
