മോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിൽ തിളങ്ങി സൗദി പവലിയൻ

  1. Home
  2. International

മോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിൽ തിളങ്ങി സൗദി പവലിയൻ

moscow


2026-ലെ മോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിൽ സൗദി അറേബ്യയുടെ പവലിയൻ ശ്രദ്ധേയ സാന്നിധ്യമാകുന്നു. റഷ്യൻ തലസ്ഥാനത്ത് ആരംഭിച്ച പുസ്തകമേള സെപ്റ്റംബർ 6 വരെ തുടരും. സൗദി സാഹിത്യ, പ്രസാധന, വിവർത്തന കമ്മീഷൻ മുൻകൈയെടുക്കുന്ന പവലിയനിൽ പത്ത് പ്രമുഖ സർക്കാർ, സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അണിനിരന്നിരിക്കുന്നത്.

സൗദിയുടെ സാഹിത്യ-സാംസ്കാരിക രംഗങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനും, പ്രസാധന രംഗത്ത് അന്താരാഷ്ട്ര സഹകരണത്തിന് പുതിയ സാധ്യതകൾ തുറക്കാനും, രാജ്യത്തെ സർഗപ്രതിഭകൾക്ക് ആഗോളവേദി ഒരുക്കാനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. കിങ് ഫഹദ് നാഷനൽ ലൈബ്രറി, കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി, ഇസ്ലാമിക കാര്യ മന്ത്രാലയം, കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ പവലിയനിൽ ഭാഗമാകുന്നുണ്ട്.

സൗദിയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക ബന്ധത്തിന്റെ ആഴമാണ് ഈ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് സാഹിത്യ, പ്രസാധന, വിവർത്തന കമ്മീഷൻ സി.ഇ.ഒ ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ ബൗദ്ധികവും സർഗാത്മകവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന സെമിനാറുകൾ, ചർച്ചകൾ, കാവ്യസന്ധ്യകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.