തീർഥാടകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ 'ലൊക്കേഷൻ നോട്ടിഫിക്കേഷൻ' സംവിധാനവുമായി സൗദി പ്രൊമോഷൻ ഓഫ് വെർച്യൂ കമ്മീഷൻ
വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും എത്തുന്ന തീർഥാടകർക്ക് ഹജ്ജ് മാർഗ്ഗനിർദ്ദേശങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും തത്സമയം കൈമാറുന്നതിനായി 'ലൊക്കേഷൻ നോട്ടിഫിക്കേഷൻ' സംവിധാനം സജീവമാക്കി 'ജനറൽ പ്രസിഡൻസി ഓഫ് ദി കമ്മീഷൻ ഫോർ പ്രൊമോഷൻ ഓഫ് വെർച്യൂ ആൻഡ് പ്രിവൻഷൻ ഓഫ് വൈസ്'. കമ്മീഷന്റെ ഔദ്യോഗിക സ്മാർട്ട്ഫോൺ ആപ്ലിക്കേഷനായ 'മബ്‌റൂർ' വഴിയാണ് ഈ അത്യാധുനിക സേവനം ലഭ്യമാക്കുന്നത്.
ഹജ്ജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും ആവശ്യമായ സുരക്ഷാ-ബോധവൽക്കരണ വിവരങ്ങൾ ഏറ്റവും വേഗത്തിലും ഫലപ്രദമായും എത്തിക്കുകയാണ് ഈ ഡിജിറ്റൽ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. പുണ്യസ്ഥലങ്ങളിൽ തീർഥാടകർ നിൽക്കുന്ന കൃത്യമായ ലൊക്കേഷൻ ജിയോ-ഫെൻസിങ് സാങ്കേതികവിദ്യയിലൂടെ മനസ്സിലാക്കി, അവരുടെ സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് നോട്ടിഫിക്കേഷനുകളായി ആവശ്യമായ നിർദ്ദേശങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിക്കും.
ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി കമ്മീഷന്റെ സേവന ശൃംഖല ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ ചുവടുവെപ്പ്. തീർഥാടകർക്ക് തിരക്കില്ലാതെയും സുരക്ഷിതമായും ഹജ്ജ് ചടങ്ങുകൾ പൂർത്തിയാക്കാൻ ഈ സംവിധാനം ഏറെ സഹായകരമാകും.
