സൗദി റെയിൽവേ പുതിയ 10 യാത്രാ ട്രെയിനുകൾ വാങ്ങുന്നു; ധനകാര്യ കരാറിൽ ഒപ്പുവെച്ചു
രാജ്യത്തെ യാത്രാ ട്രെയിൻ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ 10 ട്രെയിനുകൾ വാങ്ങുന്നതിനുള്ള ധനകാര്യ കരാറിൽ സൗദി റെയിൽവേ (സാർ) ഒപ്പുവെച്ചു. സ്വിസ് കമ്പനിയായ ‘സ്റ്റാഡ്‌ലറി’ൽ നിന്ന് ട്രെയിനുകൾ വാങ്ങുന്നതിനായി സ്വിസ് എക്‌സ്‌പോർട്ട് റിസ്‌ക് ഇൻഷുറൻസ് ഏജൻസിയായ ‘സേവ്’, കെ.എഫ്.ഡബ്ല്യു ഐ.പി.ഇ.എക്സ്-ബാങ്ക്, കൊമേഴ്‌സ് ബാങ്ക്, യു.ബി.എസ് സ്വിറ്റ്‌സർലൻഡ് എന്നീ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളുമായി ചേർന്നാണ് കരാർ പൂർത്തിയാക്കിയത്. ജർമ്മനിയിലെ ബെർലിനിൽ നടന്ന ‘ഇനോട്രാൻസ് 2026’ അന്താരാഷ്ട്ര ഗതാഗത സാങ്കേതിക വിദ്യ പ്രദർശനത്തിനിടെ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസിറിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ.
2024-ൽ 10 യാത്രാ ട്രെയിനുകൾ വാങ്ങാൻ സ്റ്റാഡ്‌ലറുമായി ഒപ്പുവെച്ച കരാറിന്റെ തുടർച്ചയാണിത്. ഇതോടെ സ്വിസ് കമ്പനിയുമായി കരാറിലേർപ്പെട്ട മൊത്തം ട്രെയിനുകളുടെ എണ്ണം 20 ആയി ഉയർന്നു. അഞ്ച് കോച്ചുകൾ വീതമുള്ള പുതിയ ട്രെയിനുകളിൽ ഓരോന്നിലും 302 സീറ്റുകൾ വീതമുണ്ടാകും. വർധിച്ചുവരുന്ന യാത്രാ ആവശ്യകത പരിഹരിക്കുന്നതിനും സീറ്റിങ് കപ്പാസിറ്റി ഉയർത്തുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള യാത്ര ഉറപ്പാക്കുന്നതിനും പുതിയ ട്രെയിനുകൾ സഹായിക്കും.
യാത്രാ ഫ്ലീറ്റ് വികസിപ്പിക്കുന്നതിലൂടെ നഗരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും ബിസിനസ്സ്-വിനോദസഞ്ചാര മേഖലകൾക്ക് ഇത് വലിയ ഉത്തേജനം നൽകുമെന്നും ‘സാർ’ സി.ഇ.ഒ ഡോ. ബശാർ അൽമാലിക് വ്യക്തമാക്കി. കൂടാതെ, കൂടുതൽ സുസ്ഥിരമായ ഗതാഗത മാർഗങ്ങളിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്താനും റെയിൽവേയുടെ പങ്ക് വർധിപ്പിക്കാനും ഈ നീക്കം വഴിതെളിക്കും.
