ഫിലിപ്പീൻസിലെ സ്‌കൂളിൽ വെടിവയ്പ്പ്; മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്ക്;പ്രതികൾ ഒൻപതാം ക്ലാസുകാർ
ഫിലിപ്പീൻസിലെ സ്‌കൂൾ ക്ലാസ് മുറിക്കുള്ളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഏഴ് വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാവിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. വെടിവയ്പ്പിന് പിന്നാലെ ആദ്യ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ രണ്ടാം പ്രതിയെയും കസ്റ്റഡിയിലെടുത്തു.
പ്രായപൂർത്തിയാകാത്തവരായതിനാൽ പ്രതികളുടെ പേരുവിവരങ്ങളോ ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പിന് പിന്നിലെ കാരണവും, മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് അധികൃതർ .സംഭവത്തെ തുടർന്ന് സ്‌കൂൾ പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഈസ്റ്റേൺ വിസയാസ് മേഖലാ പൊലീസ് അഭ്യർഥിച്ചു.
