ലോകത്ത് രണ്ടാം സ്ഥാനം;വിസ്മയിപ്പിച്ച് യു.എ.ഇ പാസ്‌പോർട്ട്!

  1. Home
  2. International

ലോകത്ത് രണ്ടാം സ്ഥാനം;വിസ്മയിപ്പിച്ച് യു.എ.ഇ പാസ്‌പോർട്ട്!

image


ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്‌പോർട്ടെന്ന നേട്ടം സ്വന്തമാക്കി യു.എ.ഇ പാസ്‌പോർട്ട് . അയാട്ടയുടെ ടൈമാറ്റിക് ഡാറ്റ അനുസരിച്ച് ഒന്നാം സ്ഥാനത്ത് സിങ്കപ്പൂർ തുടരുമ്പോൾ, ജപ്പാനും, ദക്ഷിണ കൊറിയയും യു.എ.ഇക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നു. മൂന്നാം സ്ഥാനത്ത് സ്വീഡനാണ്.

സിങ്കപ്പൂർ പാസ്‌പോർട്ടുള്ളവർക്ക് 192 രാജ്യങ്ങളിലേക്കും യു.എ.ഇ, ജപ്പാൻ, ദക്ഷിണ കൊറിയ പൗരൻമാർക്ക് 188 കേന്ദ്രങ്ങളിലേക്കും സ്വീഡിഷുകാർക്ക് 187 രാജ്യങ്ങളിലേക്കും മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും.

2006-ൽ വെറും 35 രാജ്യങ്ങളിലേക്കാണ് യു.എ.ഇ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെയോ വിസ ഓൺ അറൈവലിലൂടെയോ യാത്ര ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ 2026-ഓടെ ആ എണ്ണം 188 രാജ്യങ്ങളായി ഉയർന്നു. വെറും 20 വർഷത്തിനിടെ 153 പുതിയ രാജ്യങ്ങളാണ് യു.എ.ഇ പാസ്‌പോർട്ടിന് വിസരഹിത യാത്രാ സൗകര്യം അനുവദിച്ചത്.അതായത് ആകെ 227 രാജ്യങ്ങളിൽ 188 ഇടങ്ങളിലേക്കാണ് ഇന്ന് യു.എ.ഇ പൗരൻമാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നത്.

യു.എ.ഇക്ക് ആഗോള തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവ് കൂടിയാണ് പാസ് പോർട്ടിന്റെ ശക്തി സൂചിപ്പിക്കുന്നത്. നയതന്ത്ര-സാമ്പത്തിക മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടവും പാസ്‌പോർട്ടിന്റെ സ്വീകാര്യതക്ക് കാരണമായി വിലയിരുത്തപ്പെടുന്നു

2006ൽ ലോകത്ത് ഏറ്റവും ശക്തമായ പാസ് പോർട്ടുകളിൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക 20 വർഷം കഴിഞ്ഞപ്പോൾ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. അഫ് ഗാനിസ്താൻ, സിറിയ, ഇറാഖ്, യമൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും ശക്തി കുറഞ്ഞ പാസ്‌പോർട്ടുള്ള രാജ്യങ്ങൾ.