ഇറാൻ-യുഎസ് സമാധാനചർച്ച രണ്ടാംഘട്ടം; ഇറാൻ വിദേശകാര്യമന്ത്രി ഇന്ന് ഇസ്ലാമാബാദിലെത്തും
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് പാകിസ്താനിലെത്തും. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് പാകിസ്താൻ മണ്ണൊരുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സന്ദർശനം. ഇസ്ലാമാബാദിന് പുറമെ മസ്‌കത്ത്, മോസ്‌കോ എന്നിവിടങ്ങളിലേക്കും അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രത്യേക നയതന്ത്ര സംഘത്തോടൊപ്പം എത്തുന്ന അരാഗ്ചി, അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തിയേക്കുമെന്ന് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ലോജിസ്റ്റിക്‌സ് ആൻഡ് സെക്യൂരിറ്റി ടീം ഇതിനോടകം തന്നെ ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്. ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ഫലപ്രാപ്തിയിൽ എത്താത്ത സാഹചര്യത്തിലാണ് വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള ഈ രണ്ടാമത്തെ ശ്രമം.
മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുക, ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങളെ വിലയിരുത്തുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചതായും വെടിനിർത്തൽ സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായതായും പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ സ്ഥിരീകരിച്ചു. റഷ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ സഹകരണത്തോടെ പശ്ചിമേഷ്യയിൽ സമാധാനം തിരികെ കൊണ്ടുവരാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.
