റാസൽഖൈമയിലെ ഹോട്ടലുകളിൽ സുരക്ഷാ പരിശോധന; ടൂറിസം സുരക്ഷാ പദ്ധതി പൂർത്തിയായി
വേനൽക്കാലത്ത് എമിറേറ്റിലെത്തുന്ന സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റാസൽഖൈമ പോലീസ് നടപ്പിലാക്കിയ പ്രത്യേക ബോധവൽക്കരണ-പരിശോധന ക്യാമ്പയിൻ വിജയകരമായി പൂർത്തിയായി. റാക് പോലീസും ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും (RAK TDA) സംയുക്തമായാണ് 'ടൂറിസം സ്ഥാപനങ്ങളുടെ സുരക്ഷ' എന്ന പേരിൽ പദ്ധതി സംഘടിപ്പിച്ചത്.
അതിഥികൾ, ജീവനക്കാർ, സന്ദർശകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിനുമായിരുന്നു ഫീൽഡ് പരിശോധനകളെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഉമർ മുഹമ്മദ് അൽ തനൈജി വ്യക്തമാക്കി. സെക്യൂരിറ്റി സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സ്ഥാപന മേധാവികൾക്ക് നൽകിയിട്ടുണ്ട്.
സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണം ഉറപ്പാക്കാനും സന്ദർശകരുടെ വിശ്വാസം വർധിപ്പിക്കാനും പരിശോധനകൾ സഹായിച്ചതായി ടൂറിസം പോലീസ് വിഭാഗം മേധാവി മേജർ ഗാനം അൽ സുവൈദി പറഞ്ഞു. വരും ദിവസങ്ങളിലും തുടർച്ചയായ ഫീൽഡ് പരിശോധനകളും പരിശീലന പരിപാടികളും തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
