അബൂദബിയിൽ സ്‌കൂളുകളിലും നഴ്‌സറികളിലും സുരക്ഷാ പരിശോധന; 480-ലേറെ സ്ഥാപനങ്ങളിൽ അധികൃതരെത്തി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷാ നിലവാരം ഉറപ്പുവരുത്തുന്നതിനായി അബൂദബിയിലെ 480-ലേറെ സ്‌കൂളുകളിലും നഴ്‌സറികളിലും അധികൃതർ മിന്നൽ പരിശോധന നടത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സന്നദ്ധത വിലയിരുത്തുന്നതിനും സുരക്ഷാ മുൻകരുതലുകൾ ശക്തിപ്പെടുത്തുന്നതിനുമായാണ് വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയത്. എമർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സെന്റർ അബൂദബി (ADCMC), അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK), അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി (ADCDA) എന്നിവയുടെ നേതൃത്വത്തിലായിരുന്നു നടപടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിപ്പിക്കൽ പദ്ധതികൾ (Evacuation plans), അപായ മുന്നറിയിപ്പ് സംവിധാനങ്ങൾ, സുരക്ഷാ ടീമുകളുടെ സന്നദ്ധത എന്നിവ അധികൃതർ നേരിട്ട് വിലയിരുത്തി. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ജീവനക്കാർക്കുള്ള അവബോധവും പരിശോധനയുടെ ഭാഗമായി അവലോകനം ചെയ്തു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് അഡെക് അണ്ടർ സെക്രട്ടറി മുബാറക് ഹമദ് അൽ മഹീരി വ്യക്തമാക്കി.
ഇത്തരത്തിലുള്ള പതിവ് പരിശോധനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏത് അടിയന്തര സാഹചര്യത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ സജ്ജമാക്കുമെന്ന് എ.ഡി.സി.ഡി.എ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സലിം അബ്ദുള്ള ബിൻ ബറാക് അൽ ദാഹിരി, എ.ഡി.സി.എം.സി ഡയറക്ടർ ജനറൽ മതാർ സഈദ് അൽ നുഐമി എന്നിവർ പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നാണ് സൂചന.
