സുരക്ഷാ ആശങ്ക; ഇറാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി സലാം എയർ
സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള വിമാന സർവീസുകൾ ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ താൽക്കാലികമായി നിർത്തിവച്ചു. ജനുവരി 10, 11 തീയതികളിൽ ഷെഡ്യൂൾ ചെയ്തിരുന്ന സർവീസുകളാണ് നിലവിൽ റദ്ദാക്കിയത്. ഇറാനിലെ നിലവിലെ പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് ഈ നടപടിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സലാം എയർ പ്രസ്താവനയിൽ വ്യക്തമാക്കി. സർവീസ് റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങളും ബദൽ യാത്രാ സൗകര്യങ്ങളും ലഭ്യമാക്കാൻ എയർലൈൻ പ്രതിനിധികൾ നേരിട്ട് ബന്ധപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. നിലവിലെ അപ്രതീക്ഷിത സാഹചര്യങ്ങൾ കമ്പനിയുടെ നിയന്ത്രണത്തിന് അതീതമാണെന്നും അത് മനസ്സിലാക്കി സഹകരിക്കുന്ന ഉപഭോക്താക്കൾക്ക് നന്ദി പറയുന്നതായും സലാം എയർ കൂട്ടിച്ചേർത്തു.
