ബഹ്‌റൈൻ എയർപോർട്ടിൽ സുരക്ഷാ നടപടി; വിമാനങ്ങൾ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഗൾഫ് എയർ വിമാനങ്ങളും വിവിധ കാർഗോ വിമാനങ്ങളും താൽക്കാലികമായി മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റിയതായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. നിലവിൽ രാജ്യത്തെ വ്യോമപാത അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും വിവിധ എയർലൈൻ ഓപ്പറേറ്റർമാരുമായി ഏകോപനം നടത്തിയുമാണ് വിമാനങ്ങൾ മാറ്റുന്ന പ്രക്രിയ പൂർത്തിയാക്കിയത്.
യാത്രക്കാരില്ലാത്ത വിമാനങ്ങളും ചരക്ക് വിമാനങ്ങളുമാണ് ഇത്തരത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. വരും ദിവസങ്ങളിൽ വിമാന സർവീസുകൾ കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗം കൂടിയാണിതെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. അസാധാരണ സാഹചര്യങ്ങളിൽ വിമാനങ്ങളുടെ സുരക്ഷ മുൻനിർത്തി ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയിൽ സ്വീകരിക്കുന്ന സാധാരണ നടപടിക്രമം മാത്രമാണിതെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ ബഹ്‌റൈൻ വ്യോമപാത അടച്ചിട്ടിരിക്കുന്നതിനാൽ ഗൾഫ് എയർ ഉൾപ്പെടെയുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വ്യോമപാത തുറക്കുന്നതിനെക്കുറിച്ച് സിവിൽ ഏവിയേഷൻ അഫയേഴ്‌സിന്റെ അടുത്ത അറിയിപ്പ് ലഭിച്ചാലുടൻ സർവീസുകൾ പുനരാരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
English Slug: Bahrain International Airport moves Gulf Air and cargo planes to safer locations amid airspace closure.
