സുരക്ഷാ ഭീഷണി; ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ മകൻ മുജ്തബ പങ്കെടുത്തേക്കില്ല

  1. Home
  2. International

സുരക്ഷാ ഭീഷണി; ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ മകൻ മുജ്തബ പങ്കെടുത്തേക്കില്ല

mujtaba


ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനേയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രായേലുമായുള്ള നിലവിലെ യുദ്ധസാഹചര്യങ്ങളും കനത്ത സുരക്ഷാ ഭീഷണിയും മുൻനിർത്തിയാണ് ഈ നീക്കമെന്നാണ് വിവരം. ഇന്ത്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹി ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

സുരക്ഷാ കാരണങ്ങളാൽ മുജ്തബ ഖമനേയി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് അതീവ അപകടകരമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ചടങ്ങുകളിൽ പങ്കെടുത്ത് ജനങ്ങളെ നേരിട്ട് കാണാൻ മുജ്തബയ്ക്ക് താല്പര്യമുണ്ടെങ്കിലും, നിലവിലെ അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് അദ്ദേഹം വിട്ടുനിന്നേക്കുമെന്നാണ് സൂചനകൾ.

അതേസമയം, അന്തരിച്ച ഖമനേയിക്ക് അവസാനമായി ആദരാഞ്ജലി അർപ്പിക്കുന്നതിനായുള്ള വിപുലമായ ചടങ്ങുകൾ ജൂലൈ 4 മുതൽ 9 വരെ ടെഹ്റാൻ, ഖോം, മഷ്ഹദ് തുടങ്ങിയ നഗരങ്ങളിലായി നടക്കും. ഇതിനായി ലക്ഷക്കണക്കിന് ജനങ്ങളും പ്രമുഖ വിദേശ പ്രതിനിധികളും ടെഹ്റാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഖമനേയിയുടെ വിയോഗം ഇറാൻ ജനതയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ആയത്തുള്ള ഇലാഹി ന്യൂഡൽഹിയിൽ വ്യക്തമാക്കി. യു.എസും ഇസ്രായേലുമായി നേരിട്ടുള്ള കടുത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടയിലും രാജ്യം കൂടുതൽ കരുത്തോടെ ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.