സുരക്ഷാ ഭീഷണി; യു.എ.ഇയിലെ യു.എസ് എംബസിയും കോൺസുലേറ്റും താൽക്കാലികമായി അടച്ചുപൂട്ടി
മേഖലയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് അബുദാബിയിലെ യു.എസ് എംബസിയും ദുബായിലെ യു.എസ് കോൺസുലേറ്റും താൽക്കാലികമായി അടച്ചുപൂട്ടി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കർശന നിർദ്ദേശപ്രകാരമാണ് ഈ നടപടി. ചൊവ്വാഴ്ച രാത്രി അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായ പശ്ചാത്തലത്തിലാണ് സുരക്ഷ മുൻനിർത്തി എംബസിയുടെ പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചത്. അടിയന്തരമല്ലാത്ത യു.എസ് സർക്കാർ ജീവനക്കാരോട് നേരത്തെ തന്നെ രാജ്യം വിടാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു.
സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് വരെ പാസ്‌പോർട്ട് സേവനങ്ങളും വിസ സേവനങ്ങളും ഉൾപ്പെടെ എല്ലാ നേരിട്ടുള്ള കോൺസുലർ ഇടപാടുകളും നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ മിഷന്റെ കൈവശമുള്ള വിദേശ പാസ്‌പോർട്ടുകൾ സുരക്ഷാ അനുമതി ലഭിച്ച ശേഷം മാത്രമേ ഉടമകൾക്ക് തിരിച്ചുനൽകുകയുള്ളൂ. അമേരിക്കൻ പൗരന്മാർ യാതൊരു കാരണവശാലും എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ നേരിട്ട് എത്തരുതെന്ന് എംബസി കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സാഹചര്യം വിലയിരുത്തി പുതിയ വിവരങ്ങൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
യു.എ.ഇ വിടാൻ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരന്മാർ വാണിജ്യ വിമാന സർവീസുകൾ ഉപയോഗിക്കുകയോ ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള കര അതിർത്തികൾ വഴി യാത്ര ചെയ്യുകയോ വേണമെന്ന് നിർദ്ദേശമുണ്ട്. രാജ്യം വിടാൻ കഴിയാത്തവർ സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരണം. യു.എ.ഇയ്ക്ക് പുറമെ ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങി പശ്ചിമേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കഴിയുന്ന അമേരിക്കൻ പൗരന്മാരോട് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ എത്രയും വേഗം മടങ്ങാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
