സൗദി വിമാനത്താവളങ്ങളിലും എയർലൈനുകളിലും സേവനം മെച്ചപ്പെടുന്നു; മികച്ച പ്രകടനവുമായി സൗദിയയും ജിദ്ദ എയർപോർട്ടും

  1. Home
  2. International

സൗദി വിമാനത്താവളങ്ങളിലും എയർലൈനുകളിലും സേവനം മെച്ചപ്പെടുന്നു; മികച്ച പ്രകടനവുമായി സൗദിയയും ജിദ്ദ എയർപോർട്ടും

saudi arabia


2026 മാർച്ചിലെ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (GACA) കണക്കുകൾ പ്രകാരം സൗദിയിലെ വിമാനക്കമ്പനികളും വിമാനത്താവളങ്ങളും മികച്ച സേവന നിലവാരം പുലർത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നു. യാത്രക്കാരുടെ പരാതികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നിലനിർത്താൻ ദേശീയ വിമാനക്കമ്പനിയായ സൗദിയയ്ക്കും ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഈ കാലയളവിൽ സാധിച്ചു.

വിമാനക്കമ്പനികളുടെ കണക്കുകൾ പരിശോധിച്ചാൽ, സൗദിയ എയർലൈൻസിനെതിരെ ഒരു ലക്ഷം യാത്രക്കാരിൽ നിന്ന് വെറും 27 പരാതികൾ മാത്രമാണ് ലഭിച്ചത്. കമ്പനിയുടെ പരാതി പരിഹാര നിരക്ക് 76 ശതമാനമാണ്. ഫ്‌ളൈനാസിനെതിരെ ലക്ഷം യാത്രക്കാരിൽ നിന്ന് 78 പരാതികൾ ലഭിച്ചെങ്കിലും ലഭിച്ച പരാതികളെല്ലാം നൂറ് ശതമാനവും പരിഹരിച്ച് കമ്പനി മാതൃകയായി. ഫ്‌ളൈ അദീലിനെതിരെ ലക്ഷം യാത്രക്കാരിൽ നിന്ന് 64 പരാതികൾ ലഭിച്ചപ്പോൾ 99 ശതമാനമാണ് ഇവരുടെ പരാതി പരിഹാര നിരക്ക്. മാർച്ചിൽ വിമാനക്കമ്പനികൾക്കെതിരെ ആകെ 2,033 പരാതികളാണ് ലഭിച്ചത്. ടിക്കറ്റുകൾ, ബാഗേജ് സേവനം എന്നിവയിലാണ് പ്രധാനമായും പരാതികൾ ഉയർന്നത്.

വിമാനത്താവളങ്ങളുടെ പ്രകടനത്തിലും വലിയ മുന്നേറ്റമുണ്ട്. പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരുള്ള വലിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് എയർപോർട്ട് മികച്ചു നിന്നു. ഇവിടെ ലക്ഷം യാത്രക്കാരിൽ ഒരു പരാതി മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ആകെ ലഭിച്ച 30 പരാതികളിൽ 95 ശതമാനവും പരിഹരിക്കാൻ അധികൃതർക്ക് സാധിച്ചു. 60 ലക്ഷത്തിൽ താഴെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ജിസാൻ കിങ് അബ്ദുല്ല എയർപോർട്ടാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ലക്ഷം പേരിൽ 0.4 ശതമാനം മാത്രം പരാതി ലഭിച്ച ജിസാനിൽ മാർച്ചിൽ ആകെ ഒരു പരാതി മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

ആഭ്യന്തര വിമാനത്താവളങ്ങളുടെ സൂചികയിൽ അൽ ഖുറയ്യാത്ത് വിമാനത്താവളമാണ് ഒന്നാമതെത്തിയത്. ലക്ഷം യാത്രക്കാരിൽ മൂന്ന് ശതമാനം മാത്രമാണ് ഇവിടെ പരാതി നിരക്ക്. ലഭിച്ച ഏക പരാതി നൂറ് ശതമാനം പരിഹരിക്കാനും ഇവർക്ക് കഴിഞ്ഞു. സൗദിയിലെ വ്യോമയാന മേഖലയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.