അമേരിക്കക്ക് വീണ്ടും തിരിച്ചടി; രണ്ടാമത്തെ എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയുടെ അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ അത്യാധുനിക വിമാനം തകർക്കുന്നതെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) അറിയിച്ചു. മധ്യ ഇറാന്റെ ആകാശപരിധിയിൽ വെച്ചാണ് വിമാനം തകർത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വിമാനം പൂർണ്ണമായും തകർന്ന് നിലംപതിച്ചതായും സ്ഫോടനത്തിന്റെ ആഘാതം കാരണം പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാന്റെ ഈ അവകാശവാദത്തോട് അമേരിക്കയുടെ സെൻട്രൽ കമാൻഡ് (CENTCOM) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ സമാനമായ സംഭവം ഉണ്ടായപ്പോൾ സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നായിരുന്നു യുഎസ് വിശദീകരണം. ഇറാന്റെ പുതിയ അവകാശവാദം ശരിയാണെങ്കിൽ അത് അമേരിക്കയുടെ വ്യോമമേധാവിത്വത്തിന് ഏൽക്കുന്ന വലിയ തിരിച്ചടിയാകും.
അതേസമയം, യുഎസ് സൈനിക നേതൃത്വത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കുന്നതും ശ്രദ്ധേയമാണ്. വിരമിക്കാൻ ഒരു വർഷം ബാക്കിനിൽക്കെ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്സെത്തിന്റെ ഈ നടപടി ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങൾ സംബന്ധിച്ച് യുഎന്നിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, മേഖലയിൽ പ്രകോപനമുണ്ടായാൽ സ്ഥിതി സങ്കീർണ്ണമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നൽകി.
