സൗദിയിൽ പലയിടത്തും ശക്തമായ ചൂട് തുടരും; വരും മണിക്കൂറുകളിൽ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ താപനില ഉയർന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കൻ പ്രവിശ്യയിലും റിയാദ്, ഖസീം എന്നിവിടങ്ങളുടെ ചില ഭാഗങ്ങളിലുമാണ് കടുത്ത ചൂട് അനുഭവപ്പെടുക.
ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. തബൂക്ക്, നജ്റാൻ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശാൻ സാധ്യത. മദീന, മക്ക, ജിസാൻ എന്നിവിടങ്ങളിലെ തീരദേശ പാതകളിൽ കാഴ്ചപരിധി പൂജ്യത്തോളമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, ജിസാൻ, അസീർ, അൽബാഹ, മക്ക തുടങ്ങിയ പ്രദേശങ്ങളിലെ ഉയർന്ന മലയോര മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
