കുട്ടികളെയും വീട്ടുതൊഴിലാളികളെയും നെഗറ്റീവ് കണ്ടന്റാക്കിയാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ
15 വയസ്സിന് താഴെയുള്ള കുട്ടികളെയോ വീട്ടുതൊഴിലാളികളെയോ ഉൾപ്പെടുത്തി നെഗറ്റീവ് സ്വഭാവമുള്ള സോഷ്യൽ മീഡിയ വീഡിയോകൾ നിർമിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് മൂന്ന് വർഷം വരെ തടവും 5,000 ഒമാനി റിയാൽ വരെ പിഴയും ലഭിക്കും. പുതിയ സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 36/7 അനുസരിച്ചാണ് ഈ നടപടി.
കുട്ടികളിൽ അക്രമവാസനയോ ഭയമോ ഉണ്ടാക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത ശിക്ഷാർഹമാണ്. കുട്ടികളെയും ഗാർഹിക തൊഴിലാളികളെയും വിനോദത്തിനോ ഓൺലൈൻ റീച്ചിനോ ഉള്ള മാധ്യമങ്ങളാക്കി മാറ്റരുതെന്നും ഇത്തരം വീഡിയോകൾ അവരുടെ ജീവിതത്തെ ദീർഘകാലം പ്രതികൂലമായി ബാധിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.
ഓൺലൈൻ ഉള്ളടക്കങ്ങൾ നിർമിക്കുമ്പോൾ കുട്ടികളുടെയും മറ്റും മാനസികാവസ്ഥയെയും ക്ഷേമത്തെയും അത് എങ്ങനെ ബാധിക്കുമെന്ന് ക്രിയേറ്റർമാർ ചിന്തിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ബോധവൽകരണ സന്ദേശത്തിൽ വ്യക്തമാക്കി.
