ഷക്കീറയുടെ ദോഹയിലെ സംഗീത പരിപാടി മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും
പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പോപ്പ് ഐക്കണും ഗ്രാമി അവാർഡ് ജേതാവുമായ ഷക്കീറയുടെ ദോഹയിലെ സംഗീത പരിപാടി മാറ്റിവെച്ചു. ഖത്തർ കലണ്ടറാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നിന് സ്റ്റേഡിയം 974-ൽ നടക്കാനിരുന്ന പരിപാടിയാണ് സുരക്ഷാ കാരണങ്ങളാലും മറ്റും താൽക്കാലികമായി നീട്ടിവെച്ചത്. പരിപാടി നടത്തേണ്ട പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, സംഗീത പരിപാടിയുടെ ടിക്കറ്റ് വിൽപ്പന തുടരുമെന്നും നേരത്തെ ടിക്കറ്റ് എടുത്തവർക്ക് പുതിയ തീയതി പ്രഖ്യാപിക്കുന്നത് വരെ അത് സാധുവായിരിക്കുമെന്നും ഖത്തർ കലണ്ടർ വ്യക്തമാക്കി. പുതിയ തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ആ സമയത്ത് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും റീഫണ്ട് ആഗ്രഹിക്കുന്നവർക്കും അതിനായി രണ്ട് മാസത്തെ സമയം അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
