സ്വകാര്യ വിവരങ്ങൾ സമ്മതമില്ലാതെ പങ്കുവെച്ചാൽ ഒരു വർഷം വരെ തടവ്
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ഓൺലൈനിൽ പങ്കുവെക്കുന്നത് കുറ്റകരമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികൾ പീനൽ കോഡ് പ്രകാരം ശിക്ഷാർഹമാണെന്നും അധികൃതർ വ്യക്തമാക്കി.വ്യക്തിയുടെ സ്വകാര്യ ജീവിതത്തെയോ കുടുംബ ജീവിതത്തെയോ ബാധിക്കുന്ന വാർത്തകൾ, ചിത്രങ്ങൾ, അഭിപ്രായങ്ങൾ എന്നിവ അവരുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുതെന്നും, അവ സത്യമാണെങ്കിലും നിയമലംഘനമായി കണക്കാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
''മിസ്സിംഗ് ലിങ്ക്'' ക്യാംപെയ്‌ന്റെ ഭാഗമായി പുറപ്പെടുവിച്ച ബോധവത്കരണ സന്ദേശത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും അധികൃതർ വ്യക്തമാക്കി.സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, മറ്റുള്ളവരുടെ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കുന്ന ഉള്ളടക്കങ്ങൾ ഒഴിവാക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു.
