ക്യാമറക്കണ്ണുകളുടെ ലോകോത്സവത്തിന് ഷാർജ ഒരുങ്ങുന്നു; 'എക്സ്പോഷർ' പതിനൊന്നാം പതിപ്പ് 2027 മാർച്ച് 18 മുതൽ അൽജാദയിൽ
ലോകപ്രശസ്തമായ 'എക്സ്പോഷർ' (Xposure) അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ പതിനൊന്നാം പതിപ്പിന് 2027 മാർച്ച് 18 മുതൽ 24 വരെ ഷാർജയിലെ അൽജാദ വേദിയാകുമെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (SGMB) പ്രഖ്യാപിച്ചു. നിർമ്മിതബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ക്യാമറയുടെ സഹായമില്ലാതെ തന്നെ യഥാർത്ഥ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യങ്ങൾ സൃഷ്ടിക്കപ്പെടുകയും ഡിജിറ്റൽ ലോകത്ത് അതിവേഗം പ്രചരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മേളയുടെ പുതിയ പതിപ്പിന് തിരശ്ശീല ഉയരുന്നത്.
ദൃശ്യ സാങ്കേതികവിദ്യകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു ചിത്രം യാഥാർത്ഥ്യത്തെയാണോ അതോ ഭാവനയെയാണോ പ്രതിഫലിപ്പിക്കുന്നത് എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണെന്ന് എസ്.ജി.എം.ബി ഡയറക്ടർ ജനറൽ താരിഖ് സയീദ് അല്ലായ് അഭിപ്രായപ്പെട്ടു. ചിത്രങ്ങളുടെ ഉറവിടവും പശ്ചാത്തലവും മനസ്സിലാക്കുന്നതിനൊപ്പം ദൃശ്യങ്ങളുടെ സത്യസന്ധത തിരിച്ചറിയാനും സാധിക്കണം. ചിത്രങ്ങൾക്ക് പിന്നിലെ യഥാർത്ഥ കഥകളിലേക്കും അവ പകർത്തിയ കലാകാരന്മാരിലേക്കും വെളിച്ചം വീശുന്ന വേദിയായി എക്സ്പോഷർ മാറുമെന്നും, സാങ്കേതിക മാറ്റങ്ങൾക്കിടയിലും മനുഷ്യജീവിതവും സാമൂഹിക മാറ്റങ്ങളും അടയാളപ്പെടുത്തുന്ന കരുത്തുറ്റ മാധ്യമമായി ഫോട്ടോഗ്രഫി നിലനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോട്ടോ ജേണലിസം, ഡോക്യുമെന്ററി, പ്രകൃതി, വന്യജീവി, പോർട്രെയ്റ്റ്, ഫൈൻ ആർട്ട് ഫോട്ടോഗ്രഫി, ഡോക്യുമെന്ററി ഫിലിമുകൾ എന്നിവയുടെ അപൂർവ്വ ശേഖരമാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. പ്രദർശനങ്ങൾക്ക് പുറമെ പാനൽ ചർച്ചകൾ, ശിൽപശാലകൾ, പ്രശസ്ത ഫോട്ടോഗ്രാഫർമാരുമായുള്ള സംവാദങ്ങൾ എന്നിവയിലൂടെ അറിവ് പങ്കുവയ്ക്കാനും കഴിവുകൾ തേച്ചുമിനുക്കാനും അവസരമുണ്ടാകും. രണ്ടാം പതിറ്റാണ്ടിലേക്ക് കടക്കുന്ന മേള, 2026 തുടക്കത്തിൽ നടന്ന പത്താം പതിപ്പിന്റെ ചരിത്രവിജയത്തിന് പിന്നാലെയാണ് എത്തുന്നത്. 95 കലാപ്രദർശനങ്ങൾ അരങ്ങേറിയ പത്താം പതിപ്പിൽ 34,000 സന്ദർശകരാണ് പങ്കെടുത്തത്. എക്സ്പോഷർ അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാർഡ്സ് 2026–2027 ലേക്ക് 108 രാജ്യങ്ങളിൽ നിന്നായി 22,000-ത്തിലധികം ഫോട്ടോ, ഫിലിം എൻട്രികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. അവാർഡ് ജേതാക്കളെ പതിനൊന്നാം പതിപ്പിൽ പ്രഖ്യാപിക്കും.
