ഷാർജയിൽ ജനസംഖ്യ 21 ലക്ഷം കവിഞ്ഞു; പത്ത് വർഷത്തിനിടെ 51% വർദ്ധനവ്
ഷാർജ എമിറേറ്റിലെ ആകെ ജനസംഖ്യ 21 ലക്ഷം (2,135,888) കവിഞ്ഞതായി ഏറ്റവും പുതിയ 'ഷാർജ സെൻസസ് 2025' ഫലങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ജനസംഖ്യയിൽ 51 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണക്കുകൾ പുറത്തുവിട്ടത്.
സെൻസസ് പ്രകാരം ഷാർജയിലെ ജനസംഖ്യയിൽ 89 ശതമാനവും പ്രവാസികളാണ്; 11 ശതമാനം മാത്രമാണ് യു.എ.ഇ സ്വദേശികൾ. ആകെ ജനസംഖ്യയിൽ 67 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളുമാണ്. എമിറേറ്റിന്റെ ഭാവി വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഈ സെൻസസ് വിവരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു.
സ്വദേശി ജനസംഖ്യയിലും വൻ വളർച്ച
കഴിഞ്ഞ 10 വർഷത്തിനിടെ യു.എ.ഇ സ്വദേശികളുടെ എണ്ണത്തിൽ 33.6 ശതമാനം വളർച്ചയുണ്ടായി. നിലവിൽ 234,431 സ്വദേശികളാണ് ഷാർജയിലുള്ളത്. ഇതിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് (50.4%). സ്വദേശികളിൽ ഭൂരിഭാഗവും (58%) ഷാർജ നഗരത്തിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവർ കൽബ, ഖോർഫക്കാൻ, അൽ ദൈദ്, ദിബ്ബ അൽ ഹിസ്ൻ എന്നിവിടങ്ങളിൽ കഴിയുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 178 ശതമാനത്തിന്റെ റെക്കോർഡ് വർദ്ധനവുണ്ടായി. കൂടാതെ, എമിറേറ്റിലെ 18.6 ശതമാനം വീടുകൾ പരിസ്ഥിതി സൗഹൃദ ബദൽ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നവയാണെന്നും 71.3 ശതമാനം വീടുകളിലും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
