അറഫാ ദിനത്തിലെ പ്രാർത്ഥനയ്ക്ക് ശൈഖ് അലി അൽ-ഹുദൈഫി നേതൃത്വം നൽകും
ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ ദിനത്തിലെ ഉച്ചപ്രാർത്ഥനയ്ക്കും ഖുത്ബയ്ക്കും നേതൃത്വം നൽകാൻ പ്രമുഖ പണ്ഡിതൻ ശൈഖ് അലി അൽ-ഹുദൈഫിയെ നിയമിച്ചു. അറഫയിലെ നമിറ മസ്ജിദിൽ വെച്ചായിരിക്കും അദ്ദേഹം വിശ്വാസികൾക്ക് ഖുത്ബ നിർവഹിക്കുക. മദീനയിലെ മസ്ജിദുന്നബവിയുടെ ഇമാമും ഖതീബുമായ ശൈഖ് അലി അൽ-ഹുദൈഫി, സൗദി അറേബ്യയിലും ആഗോള ഇസ്‌ലാമിക ലോകത്തും ഏറെ ശ്രദ്ധേയനായ പണ്ഡിതനും ഖുർആൻ പാരായണ വിദഗ്ധനുമാണ്.
മക്കയിലെ മസ്ജിദുൽ ഹറാമിന്റെയും മദീനയിലെ മസ്ജിദുന്നബവിയുടെയും മതകാര്യ വകുപ്പ് തിങ്കളാഴ്ചയാണ് ഈ വർഷത്തെ അറഫാ ദിന ഖതീബിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹിജ്റ 1399 മുതൽ ഏകദേശം 48 വർഷമായി മസ്ജിദുന്നബവിയിലെ ഇമാമും ഖതീബുമായി അൽ-ഹുദൈഫി സേവനമനുഷ്ഠിച്ചു വരികയാണ്. അദ്ദേഹത്തിന്റെ സവിശേഷവും മനോഹരവുമായ ഖുർആൻ പാരായണശൈലി ആഗോളതലത്തിൽ ഏറെ പ്രശസ്തമാണ്.
അറഫാ ദിന ഖുത്ബ നിർവ്വഹിച്ച പ്രമുഖ പണ്ഡിതരുടെ ശ്രേഷ്ഠ പട്ടികയിലേക്കാണ് ഇത്തവണ ശൈഖ് അലി അൽ-ഹുദൈഫിയും നിയോഗിക്കപ്പെടുന്നത്. ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാഹ് ആൽ അഷ്-ശൈഖ്, ശൈഖ് ഡോ. മാഹിർ അൽ-മുഐഖ്ലി, ശൈഖ് ഡോ. സ്വാലിഹ് ബിൻ ഹുമൈദ്, ശൈഖ് അബ്ദുല്ലാഹ് ബിൻ ഹസൻ ആൽ അഷ്-ശൈഖ്, ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലാഹ് ബിൻ ഹസൻ ആൽ അഷ്-ശൈഖ്, സഅദ് ബിൻ നാസിർ അശ്-ശത്രി, അബ്ദുല്ലാഹ് അൽ-മുനീഅ് എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ പദവി അലങ്കരിച്ച പ്രമുഖർ.
ഇതോടൊപ്പം ഹറമൈൻ ശരീഫൈൻ മതകാര്യ വകുപ്പ് ഈ വർഷത്തേക്കുള്ള പ്രത്യേക ഹജ്ജ് പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചതായും അറിയിച്ചു. തീർത്ഥാടകർക്കായി 150-ലധികം ഗുണമേന്മയുള്ള പദ്ധതികളും 10 സമഗ്ര സേവന പാതകളും ഉൾപ്പെടുന്ന വലിയൊരു സംവിധാനമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 60 ഭാഷകളിൽ മതസേവനങ്ങൾ ലഭ്യമാക്കും. ഹജ്ജ് തീർഥാടകരുടെ ആത്മീയാനുഭവം കൂടുതൽ സമ്പന്നമാക്കുകയാണ് ഈ സമഗ്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
