ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശൈഖ് ഹസീന. കൈവിലങ്ങണിയിച്ച് അറസ്റ്റ് ചെയ്യുമെന്ന് സർക്കാരിന്റെ മുന്നറിയിപ്പ്
2024-ലെ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഡിസംബർ 16-ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. ബംഗ്ലാദേശിന്റെ വിജയദിനമായ അന്ന് ഡൽഹിയിൽ നിന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിൽ തിരിച്ചെത്താനുള്ള സൗകര്യം സർക്കാർ ഒരുക്കണമെന്ന് ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധമായാണ് ഹസീനയെ നാടുകടത്തിയതെന്നും അതിനാൽ അവരെ തിരികെ എത്തിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഹസീനയുടെ മടങ്ങിവരവ് നീക്കത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ബംഗ്ലാദേശ് സർക്കാർ പ്രതികരിച്ചത്. ബംഗ്ലാദേശ് മണ്ണിൽ കാലുകുത്തുന്ന നിമിഷം തന്നെ ഹസീനയെ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി ഷാമ ഒബേദ് ഇസ്ലാം മുന്നറിയിപ്പ് നൽകി. കൈവിലങ്ങണിയിച്ച് കർശന സുരക്ഷയിൽ മാത്രമേ അവരെ രാജ്യത്തേക്ക് കൊണ്ടുവരികയുള്ളൂ എന്നും, സാധാരണ യാത്രക്കാരിയായി വരാൻ അനുവദിക്കാതെ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ഹസീനയെ വിട്ടുനൽകണമെന്നുമാണ് സർക്കാരിന്റെ കർശന നിലപാട്. ഹസീന ആഗ്രഹിക്കുന്നതും യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറും പ്രതികരിച്ചു.
2024-ലെ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളുടെ പേരിൽ 2025 നവംബറിൽ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രതിക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. നേരത്തെ തന്നെ ഹസീനയുടെ പാസ്പോർട്ടും മറ്റ് തിരിച്ചറിയൽ രേഖകളും സർക്കാർ റദ്ദാക്കിയിരുന്നു.
അതേസമയം, ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ നിയമപരമായ വശങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഹസീനയുടെ തിരിച്ചുവരവിന് പിന്തുണ പ്രഖ്യാപിച്ച് നിരോധനം നേരിടുന്ന അവാമി ലീഗ് പ്രവർത്തകർ തെരുവിലിറങ്ങിയതോടെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 29, 30 തീയതികളിൽ 48 മണിക്കൂർ രാജ്യവ്യാപക ഹർത്താലിനും അവാമി ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്.
