ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അവാർഡുകൾ ശൈഖ ബുദൂർ വിതരണം ചെയ്തു

  1. Home
  2. International

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അവാർഡുകൾ ശൈഖ ബുദൂർ വിതരണം ചെയ്തു

sharjah book festival


ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വിവിധ പുരസ്കാരങ്ങൾ ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അധ്യക്ഷ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി വിതരണം ചെയ്തു. എക്സ്പോ സെന്റർ ഷാർജയിൽ നടന്ന ചടങ്ങിൽ എസ്.ബി.എ സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അംറി, പ്രമുഖ എഴുത്തുകാർ, പ്രസാധകർ, സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. എമിറാത്തി, അറബിക്, അന്താരാഷ്ട്ര പുസ്തക പുരസ്കാര വിഭാഗങ്ങളിലായി 3,018 നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചത്.

മികച്ച എമിറാത്തി നോവലിനുള്ള പുരസ്കാരം മർയം അൽ സർവൂനി സ്വന്തമാക്കി. സർറൂർ ഖലീഫ അൽ കഅബി (അക്കാദമിക് പുസ്തകം), ഡോ. ശിഹാബ് ഗാനിം (കവിത), സാലിഹ് അൽ ബഹാർ (മികച്ച ആദ്യ നോവൽ) എന്നിവരും എമിറാത്തി പുസ്തക വിഭാഗത്തിൽ പുരസ്കാരങ്ങൾക്ക് അർഹരായി. അന്റോയിൻ ദുവൈഹിയുടെ ‘അൽ ശിതാ അൽ കബീറി’നാണ് മികച്ച അറബിക് നോവലിനുള്ള ഷാർജ അവാർഡ്.

അന്താരാഷ്ട്ര പുസ്തക വിഭാഗത്തിൽ (നോൺ-ഫിക്ഷൻ) നിർമല ലക്ഷ്മണിന്റെ ‘ദ തമിൾസ്: എ പോട്രെയ്റ്റ് ഓഫ് എ കമ്യൂണിറ്റി’ എന്ന കൃതി പുരസ്കാരം നേടിയപ്പോൾ ഫിക്ഷൻ വിഭാഗത്തിൽ മാർസിയ ഹച്ചൻസൺ അവാർഡിന് അർഹയായി. അൽ ഖാസിമി പബ്ലിക്കേഷൻസ് മികച്ച പ്രാദേശിക പ്രസാധകരായും, ലെബനനിലെ അറബ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് പബ്ലിഷിങ് മികച്ച അറബ് പ്രസാധകരായും, പോളണ്ടിലെ സോണിയ ഡ്രാഗ പബ്ലിഷിങ് ഹൗസ് മികച്ച അന്താരാഷ്ട്ര പ്രസാധകരായും തിരഞ്ഞെടുക്കപ്പെട്ടു.

പുസ്തകോത്സവത്തിന്റെ വിജയത്തിനായി സഹകരിച്ച പ്രധാന സ്പോൺസർമാരെയും പങ്കാളികളെയും ചടങ്ങിൽ ശൈഖ ബുദൂർ ആദരിച്ചു. കൂടാതെ ഷാർജ പബ്ലിഷിങ് സസ്റ്റൈനബിലിറ്റി ഫണ്ടിന്റെ (ഒൻശൂർ) 'ലോഞ്ച് ട്രാക്ക് 2026' പദ്ധതി പൂർത്തിയാക്കിയ 16 പുതിയ പ്രസാധകരെയും സാംസ്കാരിക പദ്ധതികളെയും ചടങ്ങിൽ അനുമോദിച്ചു.