'ജോണി വാക്കറി'ലെ ഷെല്ലി ഓർമ്മയായി; നടൻ റോബിൻ വർഗീസ് അന്തരിച്ചു
ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ജോണി വാക്കറി'ലൂടെ ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് (56) അന്തരിച്ചു. കാലിഫോർണിയയിലായിരുന്നു അന്ത്യം. ജോണി വാക്കറിലെ 'ഷെല്ലി' എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടിയത്. കവിയൂർ മുണ്ട്യേപ്പള്ളി തേരാട്ട് ടി.വി. വർഗീസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. കഴിഞ്ഞ നാല് വർഷമായി കുടുംബത്തോടൊപ്പം കാലിഫോർണിയയിലാണ് താമസിച്ചിരുന്നത്.
'കൊച്ചിൻ കോറസ്' എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ വർഗീസ് കലാരംഗത്ത് സജീവമായത്. ഇതിനിടയിലാണ് ജോണി വാക്കറിൽ ഷെല്ലിയുടെ വേഷം ലഭിക്കുന്നത്; ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരന്റെ സുഹൃത്തായാണ് അദ്ദേഹം വേഷമിട്ടത്. തുടർന്ന് 'സോളമന്റെ മണവാട്ടി' എന്ന സിനിമയിലും അഭിനയിച്ചു. ഇതിനുപുറമെ ചില കന്നഡ ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഭാര്യ: ജോസി. മക്കൾ: എമി, എർലിൻ. സംസ്കാരം ന്യൂയോർക്കിൽ നടക്കും.
