യു.എസ്. ബ്രൗൺ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്
യു.എസിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ഫിസിക്സ് വിഭാഗത്തിന് സമീപമാണ് ആക്രമണം നടന്നത്. വെടിവെപ്പ് നടത്തിയ ആൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പരീക്ഷയുടെ രണ്ടാം ദിവസമാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാളാണ് ആക്രമണം നടത്തിയത്. യൂണിവേഴ്സിറ്റി കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതാണ് അക്രമിയെ അവസാനമായി കണ്ടത്. അക്രമിയെ കണ്ടെത്താത്ത സാഹചര്യത്തിൽ പ്രദേശവാസികളോട് വീടിനുള്ളിൽത്തന്നെ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാൾക്ക് വെടിവെപ്പുമായി ബന്ധമില്ലെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
നൂറിലധികം ലബോറട്ടറികളും ഡസൻ കണക്കിന് ക്ലാസ് മുറികളും ഓഫിസുകളും ഉള്ള ഏഴുനിലക്കെട്ടിടത്തിലാണ് വെടിവയ്പ്പ് നടന്നതെന്ന് സർവകലാശാല വെബ്സൈറ്റിൽ പറയുന്നു. പോലീസ് സജീവമായി അന്വേഷണം നടത്തി വരികയാണെന്നും സംഭവസ്ഥലത്ത് നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പ്രൊവിഡൻസ് നഗരത്തിലെ ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ക്രിസ്റ്റി ഡോസ് റെയ്സ് അറിയിച്ചു.
