ദക്ഷിണാഫ്രിക്കയിൽ വെടിവെപ്പ്; 27 പേർ കൊല്ലപ്പെട്ടു, 26 പേർക്ക് പരിക്ക്

  1. Home
  2. International

ദക്ഷിണാഫ്രിക്കയിൽ വെടിവെപ്പ്; 27 പേർ കൊല്ലപ്പെട്ടു, 26 പേർക്ക് പരിക്ക്

south africa


ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിനും കേപ് ടൗണിനും സമീപം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ജോഹന്നാസ്ബർഗിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള വെഡെല ടൗൺഷിപ്പിലെ ബാറിലാണ് ആദ്യ ആക്രമണമുണ്ടായത്. എ.കെ-47 റൈഫിളുകളും പിസ്റ്റളുകളുമായെത്തിയ എട്ടംഗ സംഘം ബാറിലുണ്ടായിരുന്നവർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നു. ഈ സംഭവത്തിൽ 17 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികൾ അവിടെയുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ കവർന്നാണ് കടന്നുകളഞ്ഞത്.

തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ കേപ് ടൗണിന് സമീപമുള്ള ല്വാണ്ട്ലെ ടൗൺഷിപ്പിലെ കടയിലാണ് രണ്ടാമത്തെ വെടിവെപ്പുണ്ടായത്. ഈ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് സംഭവങ്ങളിലും പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

അഞ്ചു ദിവസങ്ങൾക്ക് മുൻപ് ഡർബന് സമീപമുള്ള ക്വാമഖുത ടൗൺഷിപ്പിലും വീടിനുനേരെയുണ്ടായ വെടിവെപ്പിൽ ഗർഭിണി ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഇത്തരം അക്രമങ്ങൾ അനധികൃത ആയുധങ്ങളുടെ ലഭ്യതയെക്കുറിച്ചും സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.