18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ നൽകുന്ന കടകൾക്ക് 5,000 റിയാൽ വരെ പിഴ
സൗദിയിൽ 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ നൽകുന്നതിനോ ഉള്ള നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി മുനിസിപ്പൽ മന്ത്രാലയം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും നഗരങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് നടപടി. ഈ പ്രായപരിധിയിൽ ഉള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിലേക്കോ അവ ഉപയോഗിക്കുന്ന സ്ഥലങ്ങളിലേക്കോ പ്രവേശനം നൽകുന്നതും നിരോധനത്തിന്റെ പരിധിയിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ ലംഘനത്തിനും 5,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും സ്ഥാപനം അടച്ചുപൂട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനെത്തുന്നവർക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാൻ വിൽപ്പനക്കാർക്ക് അധികാരമുണ്ട്. സിഗരറ്റുകൾ ഒറ്റയായി വിൽക്കുന്നതും, സൗജന്യ സമ്മാനങ്ങളായോ സാമ്പിളുകളായോ പുകയില ഉൽപ്പന്നങ്ങൾ നൽകുന്നതും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
കൂടാതെ, റെസ്റ്റോറന്റുകളിലും പുകയില ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലും മതിയായ വെന്റിലേഷൻ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും, പുകവലിക്കാത്തവർക്കായി ആകെ വിസ്തീർണ്ണത്തിന്റെ കുറഞ്ഞത് 30 ശതമാനമെങ്കിലും പ്രത്യേകമായി മാറ്റിവെക്കണമെന്നും നിർദേശമുണ്ട്. സ്ഥാപനങ്ങൾ ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും നേടിയിരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
