വേഗത കുറയ്ക്കണം, നിയമങ്ങൾ പാലിക്കണം; മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

  1. Home
  2. International

വേഗത കുറയ്ക്കണം, നിയമങ്ങൾ പാലിക്കണം; മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

oman


ഒമാനിലെ റോഡുകളിൽ മോട്ടോർ സൈക്കിൾ, സൈക്കിൾ യാത്രക്കാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് (ROP) മുന്നറിയിപ്പ് നൽകി. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിശ്ചയിച്ചിട്ടുള്ള വേഗപരിധി ലംഘിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ട്രാഫിക് സിഗ്നലുകളും റോഡ് ചിഹ്നങ്ങളും കൃത്യമായി പാലിക്കാൻ എല്ലാ യാത്രക്കാരും ബാധ്യസ്ഥരാണെന്നും പൊലീസ് അറിയിച്ചു.

റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണമെന്നത് സുപ്രധാന നിർദ്ദേശങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള ക്രോസിംഗുകളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കുകയും അവർക്ക് സുരക്ഷിതമായി കടന്നുപോകാൻ അവസരം നൽകുകയും വേണം. ഡ്രൈവിംഗിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. ശ്രദ്ധ തിരിക്കുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്.

സൈക്കിൾ യാത്രക്കാരും തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും പൂർണ്ണമായ ജാഗ്രതയോടെ മാത്രമേ പൊതുനിരത്തുകളിൽ വാഹനം ഇറക്കാവൂ എന്നും പ്രസ്താവനയിൽ പറയുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ അധികൃതർ, സ്വന്തം സുരക്ഷയും സഹയാത്രികരുടെ സുരക്ഷയും കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.