ഹജ്ജ് യാത്ര സുരക്ഷിതമാക്കാൻ സ്മാർട്ട് ട്രാക്കിംഗും കുറഞ്ഞ ടിക്കറ്റ് നിരക്കും; വിപുലമായ നടപടികളുമായി ഒമാൻ

  1. Home
  2. International

ഹജ്ജ് യാത്ര സുരക്ഷിതമാക്കാൻ സ്മാർട്ട് ട്രാക്കിംഗും കുറഞ്ഞ ടിക്കറ്റ് നിരക്കും; വിപുലമായ നടപടികളുമായി ഒമാൻ

oman


ഒമാനിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ പ്രഖ്യാപിച്ച് ഒമാൻ ഹജ്ജ് മിഷൻ. മതകാര്യ-ഔഖാഫ് മന്ത്രാലയം അണ്ടർസെക്രട്ടറി അഹമ്മദ് സാലിഹ് അൽ റഷീദിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ ഹജ്ജ് കമ്പനികളുടെ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ എടുത്തത്. യാത്രാ നിരക്ക് കുറയ്ക്കുന്നത് മുതൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് വരെയുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഹാജിമാർക്കായി ഒമാൻ എയർ, സലാം എയർ എന്നിവയുമായി സഹകരിച്ച് പ്രത്യേക ഇളവുകളോടെ ടിക്കറ്റുകൾ ലഭ്യമാക്കും. ഇത്തവണ മക്കയ്ക്കും മദീനയ്ക്കും പുറമെ തായിഫ് വിമാനത്താവളത്തിലേക്ക് കൂടി സർവീസുകൾ ഉണ്ടാകും. മസ്കറ്റിന് പുറമെ സുഹാർ വിമാനത്താവളത്തിൽ നിന്നും തീർത്ഥാടകർക്ക് യാത്ര തിരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നത് വലിയ ആശ്വാസമാകും. റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നവർക്കായി സ്മാർട്ട് ബസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തും. ഇത് ബസുകളുടെ സഞ്ചാരം നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഉടൻ സഹായം എത്തിക്കാനും സഹായിക്കും.

തീർത്ഥാടകരുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് ഓരോ ഹജ്ജ് കമ്പനിക്കും ഓരോ ഡോക്ടറെ വീതം (ആകെ 17 പേർ) ഒപ്പം കൂട്ടാൻ അനുമതി നൽകിയിട്ടുണ്ട്. സൗദി അറേബ്യയുടെ സഹകരണത്തോടെ വിസ, രജിസ്ട്രേഷൻ നടപടികൾ ഡിജിറ്റൽ സംവിധാനം വഴി കൂടുതൽ വേഗത്തിലാക്കും. ഒമാനിൽ നിന്നുള്ള ബസുകൾക്ക് സൗദിയിലെ നിശ്ചിത സ്റ്റേഷനുകൾ വരെ തീർത്ഥാടകരെ എത്തിക്കാനും ഇത്തവണ അനുമതിയുണ്ട്. ആവശ്യമായ എല്ലാ വിവരങ്ങളും ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാക്കുമെന്നും ഹജ്ജ് മിഷൻ അറിയിച്ചു.