കലിഫോർണിയയിൽ ‘സ്നീക്കർ വേവ്’: ഇന്ത്യൻ വംശജരായ രണ്ട് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
കലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിലുള്ള പാന്തർ ബീച്ചിൽ അപ്രതീക്ഷിതമായി എത്തിയ ഭീമൻ തിരയിൽപ്പെട്ട് (Sneaker Wave) ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർഥിനികൾ മരിച്ചു. ഫ്രെമോണ്ട് സ്വദേശിനികളായ ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നിവരാണ് മരണപ്പെട്ടത്. ഉച്ചകഴിഞ്ഞ് സൂര്യസ്നാനം നടത്താനായി പാന്തർ ബീച്ചിലെ പാറകൾക്കിടയിലുള്ള ഇടുങ്ങിയ പ്രകൃതിദത്ത കവാടത്തിലൂടെ (Keyhole) തീരത്തേക്ക് ഇറങ്ങിയതായിരുന്നു ഇരുവരും. എന്നാൽ സൂര്യാസ്തമയത്തിന് തൊട്ടുമുൻപ് കടലിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട ശക്തമായ ‘സ്നീക്കർ വേവ്’ തീരത്തേക്ക് ഇരച്ചുകയറുകയായിരുന്നു. തിരമാല ശക്തമായി ഉയർന്നതോടെ തീരത്തുനിന്ന് പുറത്തുകടക്കാനുള്ള ഏക വഴി വെള്ളത്തിനടിയിലാകുകയും ഇരുവരും കടലിൽ അകപ്പെടുകയുമായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് കലിഫോർണിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി ഇരുവരെയും കടലിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാന്താക്രൂസ് കൗണ്ടി അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹർഷിത നായർ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലിയിൽ (UC Berkeley) ലീഗൽ സ്റ്റഡീസ് (നിയമപഠനം) വിഭാഗത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു. ക്യാമ്പസിലെ സാമൂഹിക സേവന പ്രവർത്തനങ്ങളിലും വിദ്യാർഥി കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. മഹിയാൽ സ്രാൻ: സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്ത് വിഭാഗം വിദ്യാർഥിനിയായിരുന്നു. ഫ്രെമോണ്ടിലെ വാഷിങ്ടൻ ഹൈസ്കൂളിൽ നിന്ന് 2023-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവരും 2027-ൽ ബിരുദം നേടാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.
അപകടത്തെ തുടർന്ന് കലിഫോർണിയ തീരങ്ങളിൽ ‘സ്നീക്കർ വേവ്’ ഭീഷണിയെക്കുറിച്ച് അധികൃതർ വീണ്ടും കർശന മുന്നറിയിപ്പ് നൽകി. സാധാരണ തിരമാലകളേക്കാൾ വലുപ്പമുള്ളതും, യാതൊരു മുന്നറിയിപ്പുമില്ലാതെ അതിവേഗത്തിൽ തീരത്തേക്ക് പാഞ്ഞെത്തുന്നതുമായ ഇത്തരം തിരമാലകൾ ഓരോ വർഷവും ഒട്ടേറെ ജീവനുകളാണ് കവരുന്നത്. പ്രത്യേകിച്ച് പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ബീച്ചുകളിലും എത്തുന്ന സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
