സോഷ്യൽ മീഡിയ ദുരുപയോഗം: 3 വർഷം വരെ തടവും 5000 റിയാൽ പിഴയും; മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ
സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 'മിസ്സിങ് ലിങ്ക്' എന്ന പേരിൽ നടത്തുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായാണ് അധികൃതർ നിയമങ്ങൾ കർശനമാക്കിയത്. ബ്ലാക്ക്‌മെയിലിങ്, അപകീർത്തിപ്പെടുത്തൽ, വ്യാജവാർത്താ പ്രചരണം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരും.
സ്കൂൾ വിദ്യാഭ്യാസ നിയമത്തിലെ 95-ാം ആർട്ടിക്കിൾ പ്രകാരം വിദ്യാർഥികൾക്കോ അധ്യാപകർക്കോ എതിരെ അപവാദ പ്രചരണം നടത്തിയാൽ 30 ദിവസം വരെ തടവും 3,000 ഒമാനി റിയാൽ വരെ പിഴയും ലഭിക്കാം. ഒരാളുടെ അനുവാദമില്ലാതെ ചിത്രങ്ങളോ വീഡിയോകളോ ശബ്ദരേഖകളോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. പ്രചരിപ്പിക്കുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ പോലും വ്യക്തിയുടെ സമ്മതമില്ലാതെ അവ പരസ്യപ്പെടുത്തുന്നത് സ്വകാര്യതാ ലംഘനമായി കണക്കാക്കും.
സൈബർ കുറ്റകൃത്യ നിരോധന നിയമത്തിലെ 16-ാം ആർട്ടിക്കിൾ പ്രകാരം ഇന്റർനെറ്റ് വഴിയുള്ള ബ്ലാക്ക്‌മെയിലിങ്, അപകീർത്തിപ്പെടുത്തൽ എന്നിവയ്ക്ക് 3 വർഷം വരെ തടവും 5,000 ഒമാനി റിയാൽ പിഴയുമാണ് ശിക്ഷ. സോഷ്യൽ മീഡിയ വഴിയുള്ള എല്ലാത്തരം അധിക്ഷേപങ്ങളും നിരീക്ഷണത്തിലാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഡിജിറ്റൽ ഇടങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
